ജംഷെഡ്‌പൂരിന്റെ ആദ്യ ഐ.എസ്.എൽ ഹോം മത്സരത്തിൽ എ.ടി.കെ എതിരാളികൾ

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഹോം മത്സരത്തിൽ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിൽ ജംഷെഡ്‌പൂരും കഴിഞ്ഞ തവണത്തെ ചമപ്യന്മാരായ എ.ടി.കെയും തമ്മിൽ ഏറ്റുമുട്ടും.

ജംഷെഡ്‌പൂർ എഫ്.സി ആദ്യ രണ്ട് മത്സരത്തിലും ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനോടും രണ്ടാമത്തെ മത്സരത്തിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനോടുമാണ് ഗോൾ രഹിത സമനില വഴങ്ങിയത്. ഇരു ടീമുകളും ഈ സീസണിലെ ആദ്യ വിജയം തേടിയാവും ഇന്ന് ഇറങ്ങുക. എ.ടി.കെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് ഗോൾ രഹിത സമനില വഴങ്ങുകയും രണ്ടാമത്തെ മത്സരത്തിൽ പൂനെ സിറ്റിയോട് 4-1ന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.

സ്വന്തം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ മുന്നേറ്റ നിര ഗോൾ കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നതാവും സ്റ്റീവ് കോപ്പലിന്റെ മുൻപിലെ പ്രധാന പ്രശ്നം. പരിക്ക് മൂലം കേരള ബ്ലാസ്റ്റേഴ്‌സുമായിട്ടുള്ള മത്സരനിടെ പുറത്ത് പോയ അനസ് ഇന്ന് കളിക്കുമോ എന്ന് ഉറപ്പില്ല. പ്രതിരോധം ശക്തമാണെങ്കിലും അനസിന്റെ അഭാവം കോപ്പലിന് ഇന്ന് തലവേദനയാകും. മുന്നേറ്റ നിരയിൽ ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച കെവിൻ ബെൽഫോർട്ട് തന്നെയാവും ഇത്തവണയും ആക്രമണം നയിക്കുക. അനസിന് പകരം ആന്ദ്രേ ബികെ പ്രധിരോധ നിരയിൽ ഇടം പിടിക്കും.

എ.ടി.കെയാവട്ടെ തങ്ങളുടെ ഐ.എസ്.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനത്തിന്റെ പിൻബലത്തിലാണ് ശക്തമായ പ്രധിരോധ നിരായുള്ള ജംഷെഡ്‌പൂരിനെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ ഹോം മത്സരത്തിൽ പുനെയോട് ഏറ്റ കനത്ത പരാജയത്തിൽ നിന്ന് എങ്ങനെ കരകയറുമെന്ന് കാത്തിരുന്ന് കാണാം. ടാറ്റ അക്കാദമിയിലൂടെ ഫുട്ബോൾ ജീവിതം ആരംഭിച്ച റോബിൻ സിങ് ഇത്തവണ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. പരിക്ക് മൂലം ഇതുവരെ അരങ്ങേറ്റം നടത്താൻ സാധിക്കാതെ പോയ റോബി കീനിന്റെ അഭാവം എ.ടി.കെയുടെ കഴിഞ്ഞ മത്സരങ്ങളിൽ വ്യക്തമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement