വെല്ലിങ്ടൺന്റെ മാജിക് ഗോളിൽ ജാംഷഡ്‌പൂരിന് ജയം

- Advertisement -

വെല്ലിങ്ടൺ പ്രിയോരിയുടെ മാജിക് ഗോളിൽ പൊരുതി നിന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറികടന്ന് ജാംഷഡ്‌പൂരിന് ജയം. ജയത്തോടെ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും ജാംഷഡ്‌പൂരിനായി. പോയിന്റ് പട്ടികയിൽ ജാംഷഡ്‌പൂരിനും പൂനെക്കും 25 പോയിന്റ് ആണെങ്കിലും ഗോൾ വ്യതാസത്തിന്റെ അടിസ്ഥാനത്തിൽ പൂനെ രണ്ടാമതാണ്.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ പിറകിൽ ആവുന്നതിൽ പലപ്പോഴും ജാംഷഡ്‌പൂരിന്റെ രക്ഷക്കെത്തിയത് ഗോൾ കീപ്പർ സുബ്രത പോൾ ആയിരുന്നു. മികച്ച തുടക്കം ലഭിച്ച നോർത്ത് ഈസ്റ്റിനു പക്ഷെ അതൊന്നും ഗോളാക്കാനായില്ല. പല തവണ അനാവശ്യമായി പന്ത് നഷ്ടപ്പെടുത്തിയ ജാംഷഡ്‌പൂർ പലപ്പോഴും ഗോൾ വഴങ്ങുന്നതിനു അടുത്ത് എത്തിയെങ്കിലും ഗോൾ നേടാൻ മറന്ന നോർത്ത് ഈസ്റ്റ് ആക്രമണ നിര അവർക്ക് വിനയാവുകയായിരുന്നു.

രണ്ടാം പകുതിൽ ആഷിം ബിശ്വാസിന് പകരം മെഹ്താബിനെ ഇറക്കി മത്സരം വരുതിയിലാക്കാൻ ശ്രമിച്ചതോടെ പതിയെ ജാംഷഡ്‌പൂർ മത്സരത്തിലേക്ക് തിരിച്ചു വന്നു. അതിന്റെ പ്രതിഫലമെന്നോണം ഐ.എസ്.എൽ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി മാറിയ വെല്ലിംഗ്ടണിന്റെ ഗോളിലൂടെ ജാംഷഡ്‌പൂർ മത്സരത്തിൽ ലീഡ് നേടി. അസുകയുടെ ഒരു ലോങ്ങ് ത്രോ ബോൾ വരുതിയിലാക്കി മികച്ചൊരു ഓവർ ഹെഡ് കിക്കിലൂടെ വെല്ലിങ്ടൺ ഗോളകുകയായിരുന്നു.

ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ജാംഷഡ്‌പൂർ നോർത്ത് ഈസ്റ്റിനു കൂടുതൽ അവസരങ്ങൾ നൽകിയില്ല. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലീഡ് ഉയർത്താനുള്ള അവസരം ഫാറൂഖ് ചൗധരി നഷ്ടപ്പെടുത്തി. മലയാളി ഗോൾ കീപ്പർ രഹനേഷിന്റെ മികച്ച രക്ഷപെടുത്തലാണ് നോർത്ത് ഈസ്റ്റിന്റെ രക്ഷക്കെത്തിയത്.

ജയത്തോടെ ജാംഷഡ്‌പൂർ  പ്ലേ ഓഫ് സാധ്യത സജീവമാക്കി. ജാംഷഡ്‌പൂരിന്റെ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ 25 പോയിന്റുമായി ജാംഷഡ്‌പൂർ മൂന്നാം സ്ഥാനത്താണ്. നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക്‌ ഇതോടെ അവസാനമാവും. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗോൾ നേടാനാവാതെ പോയതാണ് നോർത്ത് ഈസ്റ്റിനു വിനയായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement