സ്വന്തം തട്ടകത്തിൽ അത്ലറ്റിക്കോ കൊൽക്കത്തയെ നേരിടാൻ മുംബൈ

ആദ്യ പാദത്തിലേറ്റ നേരിയ പരാജയം മറികടക്കാൻ സ്വന്തം തട്ടകത്തിൽ അത്ലറ്റിക്കോ കൊൽക്കത്തയെ നേരിടാൻ മുംബൈ ഇന്നിറങ്ങുന്നു. രബീന്ദ്ര സാരോബർ സ്റ്റേഡിയത്തിൽ ഇയാൻ ഹ്യുമിന്റെ ഇരട്ട ഗോളിൽ 3 – 2 നു തോറ്റ മുബൈ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വിജയിച്ചു ഫൈനലിൽ എത്തമെന്ന പ്രതീക്ഷയിലാവും. സസ്പെന്ഷൻ കാരണം മാർക്വീ താരം ഫോർലാനു കളിയ്ക്കാൻ സാധിക്കാത്തതു മുംബൈക്ക് തിരിച്ചടിയാവും. അവസാന അഞ്ചു കളികളിൽ മുബൈ നേടിയ 9 ഗോളിൽ 6ലും ഫോർലാന്റെ സ്പർശം ഉണ്ടായിരുന്നു.

ഒരു ഗോൾ മുൻതൂക്കത്തോടെ കളിക്കാനിറങ്ങുന്ന അത്ലറ്റികോക്ക്‌ തന്നെയാണ് മുബൈയിൽ മുൻതൂക്കമെങ്കിലും ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് ഉള്ള മുബൈ ടീമിന്റെ പ്രധിരോധം ശക്തമാണ്. ഒരു സമനില പോലും തന്റെ ടീമിനെ ഫൈനലിൽ എത്തിക്കും എന്നത് മോളിനെയെ പ്രധിരോധ നിര ശക്തമാക്കി കളിയ്ക്കാൻ പ്രേരിപ്പിക്കും.

സുനിൽ ഛേത്രി, ലിയോ കോസ്റ്റ, ഡി ഫെഡറിക്കോ, സോണി നോർദെ എന്നിവർ അണിനിരക്കുന്ന ശക്തമായ ആക്രമണ നിര തന്നെയാണ് മുംബൈയുടെ ശക്തി. കൊൽക്കത്തയുടെ മുന്നേറ്റ നിരയും ശക്താമാണ്. സീസണിൽ ഇതുവരെ 7 ഗോൾ നേടിയ ഇയാൻ ഹ്യുമാണ് അവരുടെ കുന്തമുന.

കഴിഞ്ഞ 15 മത്സരങ്ങളിൽ രണ്ടു കളികളിൽ മാത്രമാണ് മൊളിനയുടെ ടീം തോൽവി അറിഞ്ഞത്. ഈ സീസണിൽ അവർ നേടിയ 20 പോയിന്റിൽ 12 പോയന്റും എതിരാളിയുടെ ഗ്രൗണ്ടിൽ ആണെന്നുള്ളത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇരു ടീമുകളും ലീഗ് മത്സരത്തിൽ മുബൈയിൽ ഏറ്റുമുട്ടിയപ്പോൾ 1 – 1 നു മത്സരം സമനിലയിൽ അവസാനിക്കുകയിയിരുന്നു.

വൈകിട്ട് 7 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാം.