10 ദിവസത്തിനകം മാനേജർ വേണം, ബ്ലാസ്റ്റേഴ്സിലേക്ക് ഇല്ലെന്ന സൂചനയുമായി ആശാൻ

- Advertisement -

ജുലൈ 15നു മുന്നേ ഐ എസ് എൽ ടീമുകൾക്ക് മാനേജർമാരെ അനൗൺസ് ചെയ്യാൻ നിർദേശം നൽകി ഐ എസ് എൽ അധികൃതർ. 10 ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ നാലു ടീമുകൾ ഇനിയും പുതിയ മാനേജർമാരെ തീരുമാനിച്ചിട്ടില്ല എന്നതു കണക്കാക്കിയാണ് ഐ എസ് എൽ ഈ സമയപരിധി വെച്ചത്.

കേരള ബ്ലാസ്റ്റേഴ്സ്, അത്ലറ്റിക്കോ കൊൽക്കത്ത, ടാറ്റാ ജംഷദ്പൂർ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളാണ് ഇതുവരെ ആര് മുഖ്യ പരിശീലകനാകും എന്ന കാര്യത്തിൽ തീരുമാനത്തിൽ എത്താത്തത്. കേരള ബ്ലാസ്റ്റേഴ്സ് സ്റ്റീവ് കോപ്പലിനെ തന്നെ ടീമിലേക്ക് എത്തിക്കും എന്നു സൂചനകൾ ഉണ്ടായിരുന്നു എങ്കിലും അവസാനം വരുന്ന റിപ്പോർട്ടുകൾ ശുഭ സൂചനയല്ല നൽകുന്നത്. ഗോൾ ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി ഇപ്പോൾ ബന്ധത്തിലില്ലാ എന്ന രീതിയിലുള്ള പ്രതികരണമാണ് കോപ്പലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.

ലീഗിന്റെ നീളം കൂടുകയും യുവതാരങ്ങൾക്ക് അവസരൻ ഒരുക്കുകയും ചെയ്താൽ ഐ എസ് എല്ലിലേക്ക് വരുമെന്ന് നേരത്തെ സ്റ്റീവ് കോപ്പൽ അറിയിച്ചിരുന്നു. അത്തരം നീക്കങ്ങളാണ് നടക്കുന്നത് എന്നതു കൊണ്ട് തന്നെ സ്റ്റീവ് കോപ്പൽ വരും എന്നു തന്നെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോഴും വിശ്വസിക്കുന്നത്.

അത്ലറ്റിക്കോ കൊൽക്കത്തയുടെ പ്രശ്നം അത്ലറ്റിക്കോ മാഡ്രിഡ് മൊളീനയെ ഇന്ത്യയിലേക്ക് അയക്കാൻ താല്പര്യപ്പെടാത്തതാണ്‌. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിംഗാദ വേറൊരു ക്ലബിന്റെ ചുമതലയിലാണ് ഉള്ളത് എന്നതു കൊണ്ട് പകരക്കാരനെ കണ്ടെത്തേണ്ട അവസ്ഥയിലാണ് നോർത്ത് ഈസ്റ്റ് മാനേജ്മെന്റ്. മാനേജറെ കണ്ടെത്താത്ത നാലാമത്തെ ക്ലബ് ജംഷദ്പൂരാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement