മുംബൈക്കെതിരെ സ്വന്തം മണ്ണിൽ കണക്ക് തീർക്കാൻ നോർത്ത് ഈസ്റ്റ്‌

- Advertisement -

സീസൺ തുടക്കത്തിൽ മുംബൈയോട് ഫോർലാൻ്റെ ഗോളിൽ വഴങ്ങിയ തോൽവി മനസ്സിൽ വച്ചാവും നോർത്ത് ഈസ്റ്റ് മത്സരത്തിനിറങ്ങുക. ലീഗിലെ ഏറ്റവും സുന്ദരമായ ഫുട്ബോൾ കളിക്കുന്ന ടീമുകളിലൊന്നായി കണക്ക് കൂട്ടുന്ന നോർത്ത് ഈസ്റ്റ് ആ കളി മികവോടെ ആദ്യ സെമി ഫൈനൽ പ്രവേശനത്തിന് അരങ്ങൊരുകും എന്ന് കരുതുന്നു. മികച്ച മുന്നേറ്റ നിരയുള്ള നോർത്ത് ഈസ്റ്റിനെ മുംബൈയെ പോലെ തന്നെ അലട്ടുന്നത് പരിക്കുകളാണ്. എങ്കിലും ഗുവാഹട്ടിയിൽ വിജയിക്കാനായാൽ ലീഗിൽ ഒന്നാമതെത്തും എന്നത് അവർക്ക് ഊർജ്ജം പകരും. ലീഗിൽ ഇപ്പോൾ 5 സ്ഥാനത്താണവർ.

മലയാളി ഗോൾ കീപ്പർ ടി.പി രഹനേഷിനെ പരിക്കിനാൽ മുമ്പെ നഷ്ടമായ നോർത്ത് ഈസ്റ്റിന് കഴിഞ്ഞ കളിയിൽ കൊൽക്കത്തക്കെതിരെ പരികേറ്റ സുബ്രത പാലിനേയും നഷ്ടമാവും. ഇവരുടെ അഭാവത്തിൽ വിദേശ ഗോൾ കീപ്പറായ വെല്ലിങ്ടൺ ഗോമസിനെ അവർക്ക് ആശ്രയിക്കേണ്ടി വരും. പ്രതിരോധത്തിൻ്റെ പ്രധാന ചുമതല മാർക്വീ താരം ദിദിയർ സൊക്കാറയിലാണ്. ലീഗിലെ തന്നെ മികച്ച മധ്യനിരയും മുന്നേറ്റവുമാണ് നോർത്ത് ഈസ്റ്റിൻ്റെ കരുത്ത്. ഇന്ത്യൻ താരം ബോർഗസിനൊപ്പം റോമിറിക്കിനാവും മധ്യനിരയുടെ ചുമതല. മുന്നേറ്റത്തിൽ മികച്ച ഫോമിലുള്ള എമിലിയാനോ അൽഫാരക്ക് കൂട്ടായി അപകടകാരികളായ കാത്സുമി യോസ, നിക്കോളസ് വെലസ് എന്നിവരുമുണ്ട്. ഇവരെ നിശബ്ദമാക്കുക മുംബൈക്ക് അത്ര എളുപ്പമാവില്ല.
മറുവശത്ത് മുംബൈയും മികച്ച ഫോമിലാണ്. ലീഗിൽ 3 മതുള്ള അവർക്ക് ആദ്യ സെമി ഫൈനൽ പ്രവേശനം അത്ര അകലെയല്ലെന്ന് നന്നായറിയാം. ഒപ്പം സീസണിലാദ്യം നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച ആത്മവിശ്വാസവും അവർക്ക് കൂട്ടിനുണ്ട്. നോർത്ത് ഈസ്റ്റ് മുന്നേറ്റത്തെ തടഞ്ഞ് നിർത്താൻ പോന്ന പ്രതിരോധ നിരയും നല്ല മുന്നേറ്റവും അവർക്കുണ്ട്. ഒപ്പം പരിക്ക് പറ്റിയ താരങ്ങൾക്ക് പകരം നല്ല പകരക്കാരുടെ നിരയും അവരുടെ കരുത്താണ്.
ഗോൾ കീപ്പർ വാൾപാറ്റോ ഈ മത്സരത്തിൽ ഇറങ്ങാനാണ് സാധ്യത. അൻവർ അലിയും ഗോഅനും അടങ്ങിയ പ്രതിരോധം മികച്ചതാണ്. മധ്യനിരയിൽ ഡെഫഡറികോ ഇന്നും ഇറങ്ങാനിടയില്ല. എന്നാൽ ആ അഭാവം അറിയിക്കാത്ത പ്രകടനമാണ് മുംബൈ മധ്യനിര കഴിഞ്ഞ കളിയിൽ പുറത്തെടുത്തത്. ചെന്നൈക്കെതിരെ സമനില ഗോൾ കണ്ടത്തിയ ലിയോ കോസ്റ്റക്ക് പുറമെ കഫു, സെന റാൾറ്റ, ബ്രിറ്റോ ആൽവസ് എന്നിവർ മധ്യനിരയിൽ ഇറങ്ങും. മുന്നേറ്റത്തിൽ ഫോർലാനോടൊപ്പം മിന്നുന്ന ഫോമിലുള്ള സോണി നോർദ ഇറങ്ങും.
മുമ്പ് 5 പ്രാവശ്യം പരസ്പരം ഏറ്റ് മുട്ടിയതിൽ രണ്ട് ടീമും 2 വീതം മത്സരങ്ങൾ ജയിച്ചു. ഒരു മത്സരം സമനിലയിലും അവസാനിച്ചു. വിജയം ഇരു ടീമുകളേയും ലീഗിൽ ആദ്യ സ്ഥാനത്തെത്തിക്കും എന്നതിനാൽ വാശിയേറിയ മത്സരം പ്രതീക്ഷിക്കാം. വൈകിട്ട് 7 മണിക്ക് ഗുവാഹത്തിയിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാം.

Advertisement