
ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കമായ ഐ എസ് എല്ലിനായി കൊച്ചി ഒരുങ്ങി. ഉദ്ഘാടന മത്സരം തന്നെ കൊച്ചിയിൽ ആയതു കൊണ്ട് ആദ്യ മത്സരം മുതൽ വലിയ ജനത്തെയാണ് കൊച്ചിയിൽ പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ മത്സരത്തിൽ എടികെ കൊൽക്കത്തയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.
ഇന്നലെ തന്നെ എടികെ കൊൽക്കത്ത കൊച്ചിയിൽ എത്തിയിരുന്നു. മാരിയോറ്റ് ഹോട്ടലിലാണ് എടികെ കൊൽക്കത്ത ടീം താമസിക്കുന്നത്. ബ്ലാസ്റ്റേഴ്സും ആഴ്ചകളായി മാരിയോറ്റിലാണ്. ഉദ്ഘാടന ചടങ്ങുകൾക്കായി കൊച്ചി കലൂർ സ്റ്റേഡിയവും ഒരുങ്ങി. സൽമാൻ ഖാനും കത്രിനാ കൈഫും ഉൾപ്പെടെ ഉള്ള ബോളീവുഡ് താരങ്ങളുടെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്.
കലൂർ സ്റ്റേഡിയത്തിന്റെ തെരുവുകളിൽ കഴിഞ്ഞ ദിവസം മുതൽ ഫുട്ബോൾ ആരാധകർ എത്തിതുടങ്ങിയിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റുകൾ സ്വീകരിക്കാൻ വരുന്നവരും മറ്റു മത്സരങ്ങൾക്കു വേണ്ടിയുള്ള ടിക്കറ്റ് വാങ്ങാൻ വരുന്നവരും സ്റ്റേഡിയത്തിനടുത്തുള്ള ബോക്സ് ഓഫീസ് കൗണ്ടറിൽ എത്തുന്നുണ്ട്. കലൂരിൽ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയും കൊടികളും തുടങ്ങി ആരാധകർക്ക് ഗ്യാലറി മഞ്ഞക്കടലാക്കാനുള്ള എല്ലാവിധ കച്ചവടങ്ങളും കൊഴുക്കാനും തുടങ്ങിയിട്ടുണ്ട്.
കൊച്ചി നഗരത്തിന്റെ ട്രാഫിക്കിനും നാളെ നിയന്ത്രണങ്ങൾ ഉണ്ടാകും. കളികാണാൻ വരുന്നവർ പരമാവധി മെട്രോ പോലുള്ള യാത്ര സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തന്നെ അപേക്ഷിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ നിന്നു വരുന്നവർക്ക് ആലുവയിൽ നിന്ന് മെട്രോ വഴി കലൂർ സ്റ്റേഡിയത്തിനു നേരെ മുന്നിൽ എത്താം. വടക്കൻ കേരളത്തിൽ നിന്നു വരുന്നവർക്ക് മഹാരാജാസിലെ മെട്രോ സ്റ്റേഷനും ഉപയോഗിക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial