ഗോളുകൊണ്ട് ഉത്സവം, ഐ എസ് എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന മത്സരത്തിൽ ഒഡീഷയ്ക്ക് വിജയം

20210227 213457
- Advertisement -

ഐ എസ് എല്ലിൽ നിരാശ മാത്രം സ്വന്തമായുള്ള ഒരു സീസണ് ഒഡീഷയും ഈസ്റ്റ് ബംഗാളും ഒരു വെടിക്കെട്ടോടെ അവസാനമിട്ടു എന്ന് പറയാം. ഐ എസ് എൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരമാണ് ഇന്ന് ഗോവയിൽ നടന്നത്. ഈസ്റ്റ് ബംഗാളും ഒഡീഷയും നേർക്കുനേർ വന്നപ്പോൾ പിറന്നത് 11 ഗോളുകൾ. അഞ്ചിനെതിരെ ആറു ഗോളുകൾക്ക് വിജയിച്ച് ഒഡീഷ തങ്ങളുടെ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി സീസൺ അവസാനിപ്പിച്ചു.

ഇന്ന് രണ്ടാം പകുതിയിൽ 8 ഗോളുകളാണ് പിറന്നത്‌. പതിയെ തുടങ്ങിയ മത്സരത്തിൽ 24ആം മിനുട്ടിൽ പിൽകിങ്ടണിലൂടെ ഈസ്റ്റ് ബംഗാൾ ആണ് ലീഡ് എടുത്തത്. ഇതിന് 30ആം മിനുട്ടിൽ ലാൽറെൻസുവാളയിലൂടെ ഒഡീഷ മറുപടി പറഞ്ഞു‌. പക്ഷെ 36ആം മിനുട്ടിലെ ഒരു സെൽഫ് ഗോൾ ഈസ്റ്റ് ബംഗാളിന് ലീഡ് തിരികെ നൽകി. ആദ്യ പകുതി 2-1ന് ഈസ്റ്റ് ബംഗാൾ ലീഡ് ചെയ്യുന്ന രീതിയിൽ അവസാനിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ നിർത്താതെ ഗോളുകൽ വീഴാൻ തുടങ്ങി. 49ആം മിനുട്ടിൽ പോളും 51ആം മിനുട്ടിൽ ജെറിയും ഗോൾ നേടിയതോടെ ഒഡീഷ 3-2ന് ലീഡിൽ എത്തി. 60ആം മിനുട്ടിൽ ഹോളോവേയുടെ ഗോളിൽ ഈസ്റ്റ് ബംഗാൾ സ്കോർ 3-3 എന്നാക്കി. 65ആം മിനുട്ടിൽ പോളിന്റെ രണ്ടാം ഗോൾ ഒഡീഷയെ വീണ്ടും ലീഡിൽ എത്തിച്ചു. പിന്നാലെ 67ആം മിനുട്ടിൽ ജെറിയും രണ്ടാം ഗോൾ നേടി. അപ്പോഴേക്ക് സ്കോർ 5-3 എന്നായി.

69ആം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ വാളിന്റെ അടിയിൽ കൂടെ ഫ്രീകിക്ക് എടുത്ത് കൊണ്ട് മനോഹരമായ ഗോൾ നേടി മൗറീസിയോ ഒഡീഷയെ 6-3ന് മുന്നിൽ എത്തിച്ചു. ഈസ്റ്റ് ബംഗാൾ പൊരുതൽ തുടർന്നു. 74ആം മിനുട്ടിൽ ജെജെയും ഗോൾ. സീസണിലെ ജെജെയുടെ ആദ്യ ഗോളായിരുന്നു ഇത്. ഇഞ്ച്വറി ടൈമിൽ ഹോളോവേയും ഗോളടിച്ചതോടെ 6-5 എന്ന സ്കോറിൽ കളി അവസാനിച്ചു.

ഈസ്റ്റ് ബംഗാൾ 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും ഒഡീഷ 12 പോയിന്റുമായി അവസാന സ്ഥാനത്തും സീസൺ അവസാനിപ്പിച്ചു.

Advertisement