ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെതിരെ, ഫിക്സ്ചർ എത്തി

- Advertisement -

ഐ എസ് എൽ പുതിയ സീസണായുള്ള ഫിക്സ്ചറുകൾ എത്തി. നവംബർ 20ന് ആരംഭിക്കുന്ന ഐ എസ് എലിന്റെ ഉദ്ഘാടന മത്സരത്തിൽ പതിവു പോലെ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങും. കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹൻ ബഗാനെ ആകും നേരിടുക. അവസാന രണ്ടു സീസണിലും കേരള ബ്ലാസ്റ്റേഴ്സും എ ടി കെ കൊൽക്കത്തയും തമ്മിൽ തന്നെ ആയിരുന്നു ആദ്യ ദിവസം ഏറ്റുമുട്ടിയിരുന്നത്.

ഇത്തവണ ആദ്യ ദിവസത്തെ മത്സരത്തിൽ ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങും എന്ന പ്രത്യേകത ഉണ്ട്. ഒപ്പം മോഹൻ ബഗാന്റെ മുൻ പരിശീലകനായ കിബു വികൂന ആണ് കേരള ബ്ലാസ്റ്റേഴ്സിനെ അവർക്കെതിരെ നയിക്കുന്നത് എന്നതും കൗതുകകരമായിരിക്കും. നവംബർ 26ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. ഡിസംബർ 13നാണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി ആദ്യ പോരാട്ടം നടക്കുക.

നവംബർ 27ന് ഐ എസ് എല്ലിലെ ആദ്യ കൊൽക്കത്തൻ ഡാർബി നടക്കും. അന്ന് ഐ എസ് എല്ലിലേക്ക് എത്തിയ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും നേർക്കുനേർ വരും. ആദ്യ 11 റൗണ്ടുകളിലെ ഫിക്സ്ചർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. എല്ലാ ദിവസം രാത്രി 7.30നാകും മത്സരം നടക്കുക. ഞായറാഴ്ചകളി രണ്ട് മത്സരങ്ങളും നടക്കും.

ആദ്യമായി 11 ടീമുകൾ പങ്കെടുക്കുന്ന ഐ എസ് എൽ ആണ് ഇത്തവണത്തേത്‌. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗിൽ 11 ടീമുകൾ ആയത്.ഗോവയിൽ മൂന്ന് വേദികളികായാണ് ഐ എസ് എൽ നടത്താൻ തീരുമാനിച്ചിരുന്നത്. ടീമുകൾ ഒക്കെ ഗോവയിൽ എത്തി ക്വാരന്റൈനും കഴിഞ്ഞ് ഇപ്പോൾ പ്രീസീസൺ മത്സരങ്ങൾ കളിക്കാൻ ആരംഭിച്ചിട്ടുണ്ട്. നവംബർ 14വരെ പ്രീസീസൺ മത്സരങ്ങൾ നടക്കും.

Advertisement