ഐ.എസ്.എൽ ചെന്നെത്തുന്നത് ആവേശകരമായ അന്ത്യത്തിലേക്ക്‌

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 12 റൗണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ടൂർണമെന്റ് ചെന്നെത്തുന്നത് ആവേശകരമായ അന്ത്യത്തിലേക്ക്‌. മൊത്തം 18 റൗണ്ട് മത്സരങ്ങൾ ഉള്ള ലീഗിൽ ഇപ്പോൾ 13 മത്സരങ്ങളിൽ നിന്നും 27 പോയിന്റ് ഉള്ള ബെംഗളൂരു ആണ് പോയിന്റ് ടാബിളിൽ മുന്നിൽ. ചൊവ്വാഴ്ച നടക്കുന്ന ചെന്നൈ-ബെംഗളൂരു മത്സരത്തോടെ പതിമൂന്നാം റൗണ്ട് മത്സരങ്ങൾക്കും അവസാനമാകും. കഴിഞ്ഞ മൂന്നു സീസണുകളിൽ നിന്നും വ്യത്യസ്തമായി ആദ്യ റൗണ്ട് മുതലേ മുന്നിൽ കുതിച്ചിരുന്നവർ ലീഗിന്റെ അവസാന റൗണ്ടിലും ആ കുതിപ്പ് തുടരുന്നു എന്നതാണ് സത്യം.

പതിനെട്ടു മത്സരങ്ങൾക്ക് ശേഷം പോയിന്റ് ടാബിളിൽ മുന്നിൽ എത്തുന്ന നാല് ടീമുകൾക്കാണ് സെമിയിലേക്കുള്ള പ്രവേശനം സാധ്യമാകുന്നത്. ലീഗിൽ ആദ്യം മുതലേ പിന്നിലായിപ്പോയ ഡൽഹിക്കും  നോർത്ത് ഈസ്റ്റിനും കൊൽക്കത്തക്കും സെമി ബെർത്ത് സാധ്യതകൾ ഏറെക്കുറെ അവസാനിച്ച മട്ടാണ്‌. കൊൽക്കത്ത കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരും ഡൽഹി സെമി ഫൈനലിസ്റ്റും ആയിരുന്നു. നോർത്ത് ഈസ്റ്റ് ക്ലബ്ബിന്റെ കാര്യമാണ് സങ്കടകരം. അവർക്കു ഈ സീസണിളിലും കാര്യമായി മുന്നേറ്റം നടത്താനായില്ല.

ഇന്ത്യൻ ഫുട്ബാൾ ഭരണാധികാരികൾ പ്ലാൻ ചെയ്യുന്ന വിധം ഐ.എസ്.എല്ലിന്റെ ആദ്യ ആറു സ്ഥാനക്കാർക്ക് സൂപ്പർ കപ്പിൽ പങ്കെടുക്കാം എന്നത്കൊണ്ട് ഈ മൂന്നു ടീമുകളുടെയും അടുത്ത കടമ്പ ഇനിയുള്ള മത്സരങ്ങൾ ജയിച്ചു മുന്നേറി അവസാന ആറിൽ ഇടം പിടിക്കുക എന്നതാവും. ബെംഗളൂരു, ചെന്നൈ ടീമുകൾ സെമി ബെർത്ത് ഏറെ കുറെ ഉറപ്പാക്കിയ സ്ഥിതിക്ക് ബാക്കിയുള്ള രണ്ടു സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത് പൂനെ, ഗോവ, ജാംഷെദ്പുർ, കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ ടീമുകളാണ്.

പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും മൂന്നും പോയിന്റുകൾക്ക് മാത്രം വ്യത്യാസമുള്ള ഈ അഞ്ചു ടീമുകൾ വരാൻ ഉള്ള മത്സരങ്ങളിലെ ഓരോ തോൽവിയും വിജയവും സ്ഥാനങ്ങളെ മാറ്റി മറിക്കപ്പെടും. വരാൻ ഉള്ള റൗണ്ടുകളിൽ ഈ ടീമുകൾക്കൊക്കെ ബെംഗളൂരുവിലെ നേരിടാൻ ഉണ്ട് എന്നതും കൗതുകമാണ്. വരാൻ പോകുന്ന ഗോവ – പൂനെ മത്സരവും, ജെ എഫ് സി – ഗോവ മത്സരവുമാകും സെമി ബെർത്തിലേക്കുള്ള ആളുകളെ തീരുമാനിക്കുന്നതിൽ ഉള്ള കടുത്ത മത്സരങ്ങളിൽ പ്രിയപ്പെട്ടവ. കേരളത്തിനും ജെ എഫ് സി ക്കും ഇനി ബെംഗളൂരുവിനെയും ചെന്നൈയെയും നേരിടാനും ഉണ്ട്.

ലീഗിൽ ഇതുവരെ പതിനാലു മത്സരങ്ങൾ പൂർത്തിയാക്കിയ രണ്ടു ടീമുകളാണ് കേരളവും ടാറ്റയും.
ഗോവ 12 മത്സരങ്ങൾ മാത്രമേ കളിചുള്ളൂ എന്നത് അവർക്കു ആശ്വാസമാണ്. ചെന്നൈക്കും ബെംഗളൂരുവിനും പുറമെ സെമിക്ക് വേണ്ടി പൊരുതുന്ന അഞ്ചു ടീമുകളിൽ ആരുമായും കേരളത്തിന് മത്സരമില്ല എന്നത് കേരളത്തിന് തലവേദനയാകുമോ ആശ്വാസമാകുമോ എന്നത് കണ്ടറിയണം. കേരളത്തിന്റെ അവശേഷിക്കുന്ന നാല് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് സ്വന്തം തട്ടകത്തിൽ ഉള്ളത്. ബാംഗ്ലൂരുമായുള്ള വിജയത്തെ അടിസ്ഥാനമാക്കിയാകും കേരളത്തിന്റെ സെമി സാധ്യതകളും.

അവസാന റൗണ്ടുകളിൽ പൊരുതിക്കയറുന്ന ജെ എഫ് സിയും കേരള ബ്ളാസ്റ്റേഴ്സും അതെ പോരാട്ടം തുടർന്നാൽ ആദ്യ റൗണ്ടുകളിൽ മുന്നിട്ടു നിന്ന ഗോവക്കും പുനെക്കും അത് വലിയ നിരാശകളും സമ്മാനിക്കും. ഇനിയൊരു തോൽവി കൂടി പിണഞ്ഞാൽ മുംബൈ പിന്നെ അവസാന ആറിൽ എത്തിപ്പെടാനാകും ശ്രമിക്കുക. തോൽവിയും സമനിലയും കേരളത്തിലെയും പിന്നോട്ടടിപ്പിക്കും.

മുന്നോട്ടുള്ള കണക്കു കൂട്ടലിന്റെയും, കൂട്ടിയും കിഴിച്ചുമുള്ള ആരാധകരുടെ വിലയിരുത്തലും.
അവസാന കടമ്പ കടക്കാൻ കോച്ചുമാരുടെ പതിനെട്ടാമത്തെ അടവും പ്രയോഗിക്കുന്ന കാഴ്ചകൾ ആകും ഇനിയങ്ങോട്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ കാണാൻ കഴിയുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial