വമ്പൻ തിരിച്ച് വരവിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഒഡീഷ എഫ്സി

ഐഎസ്എല്ലിൽ വമ്പൻ തിരിച്ച് വരവിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഒഡീഷ എഫ്സി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെ ഒഡീഷ പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിന് വേണ്ടിയുള്ള സെംബോയ് ഹാവോകിപിന്റെയും നോറെം സിംഗിന്റെ ഗോളുകൾക്ക് ഇരട്ട ഗോളുകൾ അടിച്ച് പെഡ്രോ മാർട്ടിനും ഓരോ ഗോൾ വീതമടിച്ച് ജെറിയും നന്ദകുമാറും മറുപടി നൽകി. രണ്ടാം പകുതിയിലെ വമ്പൻ തിരിച്ച് വരവാണ് ഒഡീഷ എഫ്സിക്ക് തുണയായത്.

കളിയുടെ തുടക്കത്തിൽ തന്നെ കൊൽക്കത്തൻ ക്ലബ്ബ് അക്രമിച്ചു തുടങ്ങി. വിപി സുഹൈറിന്റെ സഹായത്തോടെ ഹവോകിപ് ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോൾ നേടി. 35ആം മിനുട്ടിൽ വീണ്ടും സുഹൈറിന്റെ അസിസ്റ്റിൽ മറ്റൊരു ഈസ്റ്റ് ബംഗാൾ ഗോൾ പിറന്നു. ഇത്തവണ നോറെം സിംഗായിരുന്നു ഒഡീഷയുടെ വലകുലുക്കിയത്. രണ്ടാം പകുതിയിൽ ഒഡീഷ കോച്ച് ജോസെപ് ഗോമ്പവിന്റെ മാസ്റ്റർ ക്ലാസ് പിറന്നു. പെഡ്രോ മാർട്ടിൻ രണ്ടാം പകുതിയിൽ അവതരിച്ചപ്പോൾ ജയം ഒഡീഷക്ക് ഒപ്പമായി. രണ്ട് ഗോളടിച്ച് മാർട്ടിൻ ഒഡീഷക്ക് സമനില പിടിച്ചു നൽകി. രണ്ടാം പകുതിയിൽ ഇറങ്ങിയ മറ്റൊരു താരം ജെറി ഒഡീഷക്ക് ലീഡും നൽകി. വൈകാതെ നന്ദകുമാർ ശേഖറിലൂടെ ലീഡുയർത്തുകയും 2-4ന്റെ ജയം സ്വന്തമാക്കുകയും ചെയ്തു ഒഡീഷ എഫ്സി.