Picsart 22 12 16 00 08 31 534

ഐ എസ് എൽ സീസണിലെ ആദ്യ ഗോൾ രഹിത സമനില, ഒഡീഷയുമായി പോയിന്റ് പങ്കുവെച്ച് എടികെ

പോയിന്റ് പട്ടികയിലെ മുൻനിരക്കാർ ഏറ്റു മുട്ടിയ മത്സരത്തിൽ എടികെ മോഹൻ ബഗാനെ സമനിലയിൽ കുരുക്കി ഒഡീഷ എഫ്സി. കലിംഗ സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോൾ കണ്ടെത്താനാവാതെ പിരിയുകയായിരുന്നു. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദുമായി പോയിന്റ് നിലയിൽ ഒപ്പമെത്താനാവുമായിരുന്ന എടികെക്ക് നിരാശ സമ്മാനിക്കുന്നതാണ് മത്സര ഫലം. തുടർ വിജയങ്ങൾ നേടി വരുന്നതിനിടെയാണ് അവർക്ക് ഒഡീഷയുമായി സമനില പങ്കിടേണ്ടി വന്നത്. ഇതോടെ ഇരുപത് പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് എടികെ മോഹൻ ബഗാൻ.

ആദ്യ മിനിറ്റുകളിൽ ആതിഥേയരുടെ ആക്രമണങ്ങൾക്കാണ് കലിംഗ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഡീഗോ മൗറിസിയോയുടെ ഹെഡറുകൾ പക്ഷെ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. പതിയെ എടികെയും താളം വീണ്ടെടുത്തു. മികച്ചൊരു നീക്കത്തിനൊടുവിൽ മക്ഹ്യുഗ് തൊടുത്ത ഷോട്ട് പക്ഷെ അമരീന്ദർ തടുത്തിട്ടു. ഇടവേളക്ക് തൊട്ടു മുൻപ് ഒഡീഷക്ക് ലഭിച്ച ഫ്രീകിക്കിലൂടെ കിട്ടിയ സുവർണവസരം ഹെഡർ ഉതിർത്ത കാർലോസ് ടെൽഗാഡോക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. രണ്ടാം പകുതിയിലും അവസരങ്ങൾ തുറന്നെങ്കിലും ഫിനിഷിങ് ഇല്ലാതെ പോയതാണ് ഒഡീഷക്ക് വില്ലനായത്. എടികെക്ക് ഒരു പോയിന്റ് മാത്രം പിറകിൽ നാലാം സ്ഥാനത്താണ് നിലവിൽ ഒഡീഷ ഉള്ളത്

Exit mobile version