ഐ എസ് എൽ ഡ്രാഫ്റ്റിൽ നാലു മലയാളികൾ കൂടി, പുതുമുഖങ്ങളായി ഉബൈദും ഹക്കും

ഐ എസ് എൽ നാലാം സീസണിൽ മലയാളികളുടെ സാന്നിദ്ധ്യം കൂടും. ഇന്ന് ഐ എസ് എൽ ഡ്രാഫ്റ്റിനായി സൈൻ ചെയ്തത് നാലു മലയാളി താരങ്ങളാണ്. അതിൽ രണ്ട് പുതുമുഖങ്ങളും. എം പി സക്കീർ, ജസ്റ്റിൻ സ്റ്റീഫൻ എന്നീ പരിചിത മുഖങ്ങൾക്കൊപ്പൊം ഡ്രാഫ്റ്റിൽ എത്താൻ പോകുന്നത് ഒ എൻ ജി സിയുടേയും എഫ് സി കേരളയുടേയും വല കാത്തിട്ടുള്ള ഗോൾകീപ്പർ ഉബൈദും ഡി എസ് കെ ശിവാജിയൻസിലും ഫതേഹിലും ബൂട്ടുകെട്ടിയിട്ടുള്ള ഡിഫൻഡർ അബ്ദുൽ ഹക്കുവുമാണ്. ആദ്യമായാണ് ഇരുവരും ഐ എസ് എൽ ഡ്രാഫ്റ്റിൽ എത്തുന്നത്. നാലു താരങ്ങളും ഇന്ന് മുംബൈയിൽ നടന്ന മെഡിക്കലിനു ശേഷം ഡ്രാഫ്റ്റിനായി സൈൻ ചെയ്തു.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ് ഉബൈദ് സി കെ. കൂത്തുപറമ്പ് ജി എച്ച് എസ് എസിൽ നിന്നു വളർന്ന താരം. എം ജി യൂണിവേഴ്സിറ്റി, വിവാ കേരള, ഡെംപോ ഗോവ, എയർ ഇന്ത്യാ, ഒ എൻ ജി സി, എഫ് സി കേരള എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഒ എൻ ജി സിക്കു വേണ്ടി നടത്തിയ പ്രകടനത്തിന് മുംബൈ എലൈറ്റ് ഡിവിഷനിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം ഉബൈദിനു ലഭിച്ചിരുന്നു. മുമ്പ് മഹാരാഷ്ട്രയുടെ സന്തോഷ് ട്രോഫി ഗോൾ കീപ്പറുമായിട്ടുണ്ട് ഉബൈദ്. അവസാനം എഫ് സി കേരളയ്ക്കു വേണ്ടി കേരള പ്രീമിയർ ലീഗിലും ഉബൈദ് ഗ്ലോവ് അണിഞ്ഞിരുന്നു.

സാറ്റ് തിരൂരിൽ നിന്ന് വളർന്നു വന്ന തിരൂർ താരങ്ങളിൽ പ്രധാനിയാണ് ഹക്കു. പ്രതിരോധത്തിൽ അനസ് എടത്തൊടിക കീഴടക്കിയ ഉയരങ്ങളെല്ലാം കീഴടക്കാൻ പൊട്ടൻഷ്യൽ ഉള്ള ഡിഫൻഡറാണ് ഹക്കു. അവസാനം സെക്കൻഡ് ഡിവിഷനിൽ ഫതേഹിനു വേണ്ടി നടത്തിയ പ്രകടനം ഹക്കുവിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. മുമ്പ് 3 വർഷത്തോളം കാലം ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. 22 വയസ്സുള്ള ഹക്കു കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

എം പി സക്കീറും ജസ്റ്റിൻ സ്റ്റീഫനും മുമ്പ് ഐ എസ് എല്ലുകളിൽ കളിച്ചവരാണ്. 2015 ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിക്ക് വേണ്ടിയായിരുന്നു കോട്ടയംകാരനായ ഡിഫൻഡർ ജസ്റ്റിൻ സ്റ്റീഫൻ ബൂട്ടുകെട്ടിയത്. എം പി സക്കീർ എന്ന മാനുപ്പ കഴിഞ്ഞ വർഷം ചെന്നൈയിൻ മിഡ്ഫീൽഡിൽ ഉണ്ടായിരുന്നു. നേരത്തെ റിനോ ആന്റോയും മുഹമ്മദ് റാഫിയും ഡ്രാഫ്റ്റിൽ സൈൻ ചെയ്തിരുന്നു. ഈ താരങ്ങൾ ഉൾപ്പെടെ പത്തോളം മലയാളി താരങ്ങൾ ഇത്തവണ ഡ്രാഫ്റ്റിൽ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐ എസ് എല്ലിലെ വിലയേറിയ താരമാകാൻ അനസ് എടത്തൊടിക, ഡ്രാഫ്റ്റിൽ സൈൻ ചെയ്തു
Next articleറെക്കോര്‍ഡ് ലക്ഷ്യം പിന്തുടര്‍ന്ന് ശ്രീലങ്ക, സിംബാബ്‍വേയ്ക്ക് ചരിത്ര വിജയം ഏഴ് വിക്കറ്റ് അകലെയാണ്