ഐ.എസ്.എല്ലിലെ തുടക്കകാരുടെ പോരാട്ടത്തിൽ ബെംഗളൂരുവും ജംഷഡ്‌പൂരും

ഐ.എസ്.എല്ലിലെ തുടക്കക്കാരായ ബെംഗളൂരു എഫ്.സിയും ജംഷഡ്‌പൂർ എഫ്.സിയും ഇന്ന് ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.  കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനോട് സ്വന്തം ഗ്രൗണ്ടിൽ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയതിന് ശേഷമാണു ബെംഗളൂരു ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. ജംഷഡ്‌പൂർ എഫ്.സിയാവട്ടെ ഐ.എസ്.എല്ലിലെ ആദ്യ തോൽവിയും ആദ്യ ഗോളും കഴിഞ്ഞ മത്സരത്തിൽ വഴങ്ങിയാണ് ഇന്ന് ബെംഗളുരുവിനെ നേരിടാനിറങ്ങുക.

കഴിഞ്ഞ മത്സരത്തിലെ തോൽവിയോടെ നഷ്ട്ടപെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ഉറപ്പിച്ചാവും ബെംഗളൂരു ഇന്നിറങ്ങുക. ചെന്നൈയിനോട് ഏറ്റ തോൽവി ബെംഗളൂരു എഫ്.സിയുടെ ഒന്നാം സ്ഥാനം തെറിപ്പിച്ചിരുന്നു. ഇന്നത്തെ മത്സരം ജയിച്ച് ഒന്നാം സ്ഥാനത്തുള്ള ഗോവയെ മറികടന്ന് അവർക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കാനാവും ബെംഗളുരുവിന്റെ ശ്രമം. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച ജൂവാനാൻ, പാർട്ടലു, ഉദാന്ത സിങ് എന്നിവർ ടീമിൽ മടങ്ങിയെത്തും.

ജംഷഡ്‌പൂർ ആവട്ടെ ലീഗിലെ മികച്ച പ്രതിരോധം എന്ന നിലക്കാണ് ബെംഗളുരുവിനെ നേരിടുന്നത്. 5 മത്സരങ്ങളിൽ നിന്ന്  വെറും 1 ഗോൾ മാത്രമാണ് കോപ്പലാശാന്റെ ടീം വഴങ്ങിയത്. ആക്രമണ നിരയാണ് ജംഷഡ്‌പൂരിന്റെ തലവേദന. പ്രതിരോധം മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ഒരു ഗോൾ മാത്രമാണ് ഇതുവരെ ലീഗിൽ അവർക്ക് നേടാനായത്. പരിക്കിൽ നിന്ന് മുക്തനാവാത്ത മലയാളി താരം അനസ് എടത്തൊടിക ഇത്തവണയും ടീമിലുണ്ടാവില്ല. അസുക്കയെ മുൻ നിർത്തിയാവും ഇത്തവണയും ജംഷഡ്‌പൂർ ആക്രമണം നയിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial