ഇന്ന് അവസാന ദിവസം, കോച്ചിനെ കണ്ടെത്താൻ കഴിയാതെ ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബുകൾ

ഐ എസ് എല്ലിൽ ഹെഡ് കോച്ചിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയ്യതി ഇന്ന് കഴിയാനിരിക്കെ പല ക്ലബുകളും കോച്ചിനെ കണ്ടെത്താൻ കഴിയാതെ ഇരിക്കുകയാണ്. കേരളമുൾപ്പെടെ ഉള്ള അഞ്ചു ഐ എസ് എൽ ക്ലബുകൾ ഇനിയും ആര് തങ്ങളുടെ പരിശീലകരാകും എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയില്ല. കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ടാറ്റ ജംഷദ്പൂർ, അത്ലറ്റിക്കോ കൊൽക്കത്ത, പൂനെ സിറ്റി എന്നിവരാണ് ഇനിയും ഔദ്യോഗികമായി കോച്ചിനെ പ്രഖ്യാപിക്കാത്തത്.

അത്ലറ്റിക്കോ കൊൽക്കത്തയുടെ കോച്ച് ടെഡി ഷെറിങ്ഹാം ആകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഔദ്യോഗിക പ്രഖ്യാപനം മാത്രമേ അത്ലറ്റിക്കോ കൊൽക്കത്തയ്ക്ക് ബാക്കിയുള്ളൂ. എന്നാൽ ബാക്കി നാലു ക്ലബുകൾ ഇപ്പോഴും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് കോപ്പലിനു പകരമായി സ്റ്റുവർട്ട് പിയേഴ്സിനെ എത്തിക്കാൻ നടത്തിയ ശ്രമങ്ങൾ ലക്ഷ്യം കാണാതെ ഇരിക്കുകയാണ്. അവസാനഘട്ട ചർച്ചകളിൽ ഒരു തീരുമാനത്തിൽ എത്താൻ ക്ലബിനും പിയേഴ്സനും ആയില്ല.

ബെംഗാളി പത്രങ്ങളുടെ റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മുൻ അത്ലറ്റിക്കോ കൊൽക്കത്ത കോച്ച് മൊളീനയുമായി ചർച്ചകൾ നടത്തുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും സ്പാനിഷ് ക്ലബ്ബ് വലെൻസിയയും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് സ്പാനിഷ് കോച്ചിനെ ഐ എസ് എല്ലിലേക്ക് എത്തിക്കാം എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് കരുതുന്നത്. മൊളീനയുമായുള്ള ചർച്ചയും പരാജയപ്പെടുകയാണെങ്കിൽ അവസാന വഴിയായി ആദ്യ സീസണിലെ ഡേവിഡ് ജെയിംസിലേക്ക് കേരളം വീണ്ടും എത്താനുള്ള സാധ്യതയും അഭ്യൂഹങ്ങളായി നിൽക്കുന്നുണ്ട്.

ടാറ്റ മുൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജർ സ്റ്റീവ് കോപ്പലിനെ തന്നെ നിയമിച്ചേക്കും. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുൻ നോട്ടിങ്ഹാം ഫോറസ്റ്റ് മാനേജർ ഫ്രീഡ്മാനുമായി ചർച്ചകൾ നടത്തുന്നുണ്ട്. പൂനെ സിറ്റി ലോപസ് ഹബാസിനെ തന്നെ വീണ്ടും കൊണ്ടുവരാനാണ് സാധ്യത. എന്നാൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

ഡെൽഹി ഡൈനാമോസ്, എഫ് സി ഗോവ, ചെന്നൈയിൻ എന്നീ ടീമുകൾ ഇതിനകം തന്നെ പുതിയ കോച്ചിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു എഫ് സി, മുംബൈ സിറ്റി എന്നിവർ മുൻ കോച്ചുകളെ നിലനിർത്തിയാണ് ഐ എസ് എല്ലിന് ഇറങ്ങുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനെൽസൺ സെമേഡോ ബാഴ്സലോണയിൽ
Next articleലോകകപ്പ് ഫൈനല്‍ തോല്‍വി അന്വേഷിക്കണം: രണതുംഗ