ആശാനും സംഘവും ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ

ഐ എസ് എൽ നാലാം സീസണിലെ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കോപ്പൽ ആശാന്റെ ടീമായ ജംഷദ്പൂർ എഫ് സിയെ നേരിടും. നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ജംഷദ്പൂർ എഫ് സിയുടെ ചരിത്രത്തിലെ ആദ്യ ഐ എസ് എൽ മത്സരമാകും ഇത്.

കഴിഞ്ഞ തവണ ഐ എസ് എൽ ഫൈനൽ വരെ കേരളത്തെ എത്തിച്ച സ്റ്റീവ് കോപ്പൽ ഇത്തവണ ജംഷദ്പൂരിലും ആ മികവ് തുടരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഫറൂഖ് ചൗധരി, മെഹ്താബ് ഹുസൈൻ, കെർവൻസ് ബെൽഫോർട്ട് എന്നിവർ ഇന്ന് ജംഷദ്പൂരിന്റെ ആദ്യ ഇലവനിൽ തന്നെ ഉണ്ടായേക്കും. പ്രീ സീസൺ മത്സരങ്ങളിൽ ജംഷദ്പൂരിനായി ബെൽഫോർട്ടും ഫറൂഖ് ചൗധരിയും ഗോളുകൾ നേടികൊണ്ടും പ്രകടനം കൊണ്ടുൻ മികച്ചു നിന്നിരുന്നു.

മലയാളി താരമായ അനസ് എടത്തൊടികയും ജംഷദ്പൂരിന്റെ നിരയിൽ നെടും തൂണായി ഉണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിലും മലയാളി സാന്നിദ്ധ്യം ഉണ്ട്. ഗോൾ കീപ്പർ രഹ്നേഷും യുവ ഡിഫൻഡർ ഹക്കുവും ആദ്യ ഇലവനിൽ തന്നെ ഉണ്ടായേക്കും. നോർത്ത് ഈസ്റ്റ് എന്നും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു എങ്കിലും ഇതുവരെ ഐ എസ് എൽ പ്ലേ ഓഫിൽ എത്തിയിട്ടില്ല. ഇത്തവണ പ്ലേ ഓഫ് തന്നെയാകും പുതിയ കോച്ച് കാർളോൾ പെയസ് ഡിയുസിന്റെ ലക്ഷ്യം.

ഇരു ടീമുകളും പൂർണ്ണ സജ്ജരാണ് എന്നാണ് ഇരു ക്ലബുകളും അറിയിച്ചിരിക്കുന്നത് എങ്കിലും പരിക്കേറ്റ റൗളിംഗ് ബോർജസ് നോർത്ത് ഈസ്റ്റ് ഇലവനിൽ ഇന്ന് ഉണ്ടാകില്ല. ജംഷദ്പൂരിൽ സമീഹ് ദൗത്തിക്കും ചെറിയ പരിക്ക് ഉണ്ട് എങ്കിലും കളിക്കാനാകും എന്നുതന്നെയാണ് കരുതുന്നത്. മത്സരം തത്സമയം ഏഷ്യാനെറ്റ് മൂവീസിലും സ്റ്റാർ നെറ്റ്‌വർക്കികും ഹോട്സ്റ്ററിലും കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial