ചാമ്പ്യന്മാരെ കശാപ്പു ചെയ്ത് എ ടി കെ കൊൽക്കത്ത ഫൈനലിൽ

- Advertisement -

ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാരായിരുന്ന ബെംഗളൂരു എഫ് സിക്ക് പരാജയഭാരവുമായി മടങ്ങാം. ഐ എസ് എല്ലിലെ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ ആവേശകരമായ തിരിച്ചുവരവ് നടത്തിക്കൊണ്ട് എ ടി കെ കൊൽക്കത്ത ഫൈനലിലേക്ക് കടന്നു. ആദ്യ പാദത്തിലെ 1-0ന്റെ പരാജയം മറികടക്കേണ്ടിയിരുന്ന എ ടി കെ കൊൽക്കത്ത 3-1ന്റെ വിജയവുമായാണ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്.

മത്സരത്തിന്റെ തുടക്കത്തിൽ അഞ്ചാം മിനുട്ടിൽ തന്നെ കൊൽക്കത്തയെ നിശബ്ദമാക്കി കൊണ്ട് ബെംഗളൂരു എഫ് സി ആയിരുന്നു ആദ്യ ഗോൾ നേടിയത്. മലയാളി താരം ആശിഖ് കുരുണിയന്റെ ഒരു ഗംഭീര ഗോൾ ആയിരുന്നു ബെംഗളൂരു എഫ് സിയെ മുന്നിൽ എത്തിച്ചത്. ബെംഗളൂരു ഒരു എവേ ഗോൾ നേടിയതോടെ പിന്നീടുള്ള 85 മിനുട്ടിൽ മൂന്ന് ഗോളുകൾ വേണം എന്ന വലിയ വെല്ലുവിളി എ ടി കെയ്ക്ക് മുന്നിൽ ഉയർന്നു.

പക്ഷെ ഹബ്ബാസിന്റെ ടീം തകർന്നില്ല. 30ആം മിനുട്ടിൽ റോയ് കൃഷ്ണയുടെ ഗോളിൽ എ ടി കെ തിരിച്ചടി തുടങ്ങി. രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ഡേവിഡ് വില്യംസ് എ ടി കെയെ 2-1ന് മുന്നിൽ എത്തിച്ചു. അപ്പോൾ അഗ്രിഗേറ്റ് 2-2. അപ്പോഴും എവേ ഗോളിൽ ബെംഗളൂരു മുന്നിൽ. വീണ്ടും പൊരുതിയ എ ടി കെ മത്സരത്തിന്റെ 79ആം മിനുട്ടിൽ മൂന്നാം ഗോൾ കണ്ടെത്തി. മികച്ചൊരു ക്രോസിന് തലവെച്ച് വില്യംസ് തന്നെയാണ് മൂന്നാം ഗോളും നേടിയത്. 3-2ന്റെ അഗ്രിഗേറ്റിൽ എ ടി കെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ എ ടി കെ അവരുടെ മൂന്നാമത്തെ ഐ എസ് എൽ ഫൈനലിൽ എത്തി. ചെന്നൈയിനെ ആകും എ ടി കെ ഫൈനലിൽ നേരിടുക.

Advertisement