ഹൈദരബാദ് എഫ് സിക്ക് ഐ എസ് എല്ലിലേക്ക് സ്വാഗതം!! പുതിയ ക്ലബ് ഔദ്യോഗിക പ്രഖ്യാപനം എത്തി

ഹൈദരബാദ് എഫ് സി അങ്ങനെ ഐ എസ് എല്ലിലേക്ക് എത്തി. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഐ എസ് എൽ നടത്തി. ഇതോടെ പൂനെ സിറ്റി എന്ന ക്ലബ് ഇനി ഉണ്ടാകില്ല എന്നും ഉറപ്പായി. നേരത്തെ പൂനെ സിറ്റിയെ പേരു മാറ്റി ഹൈദരബാദ് ക്ലബ് ആക്കും എന്നാണ് കരുതിയത് എങ്കിൽ അതല്ലാതെ പുതിയ ക്ലബിനെ ഐ എസ് എല്ലിൽ എടുക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് പൂനെ സിറ്റി ക്ലബ് അടച്ചു പൂട്ടുന്നത്. ഐ എസ് എല്ലിൽ അടച്ചു പൂട്ടുന്ന ആദ്യ ക്ലബാണ് പൂനെ സിറ്റി.

മുൻ കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ വരുൺ ത്രിപുരനേനി ഉടമയായാണ് പുതിയ ക്ലബ് നിലവിൽ വരുന്നത്. പൂനെ സിറ്റിക്ക് പകരം എത്തുമ്പോൾ പൂനെയിലെ മുൻ താരങ്ങളെയോ ക്ലബ് ഒഫീഷ്യൽസിനെയോ ഉൾപ്പെടുത്തുകയില്ല. ലോഗോ, പേര് എന്നിവയൊക്കെ തീർത്തും പുതിയതായിരിക്കും. ഒപ്പം പൂനെ സിറ്റിക്ക് ലഭിച്ച ട്രാൻസ്ഫർ വിലക്കും ഹൈദരബാദ് ക്ലബിനെ ബാധിക്കില്ല.

തെലുഗു വ്യവസായി ആയ‌ വിജയ് മധൂരിയും വരുണിനൊപ്പം ക്ലബിന്റെ ഉടമയായി ഉണ്ട്. ഹൈദാരബാദിലെ ഗചബൗളി സ്റ്റേഡിയം ആകും പുതിയ ക്ലബിന്റെ ഹോം ഗ്രൗണ്ട്. ടീമിന്റെ പേരും ലോഗോയും ഉടൻ തന്നെ പ്രഖ്യാപിക്കും. ഇപ്പോൾ ഹൈദരബാദ് എഫ് സി എന്നാണ് പേരെങ്കിലും ഔദ്യോഗികമായി ഈ പേര് ആയിരിക്കുമോ എന്ന് ഉറപ്പില്ല.

Previous articleമാൾട്ട ഫോർവേഡ് ചെന്നൈയിൻ എഫ് സിയിൽ
Next articleഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിന് അരുൺ ജെയ്റ്റ്‌ലിയുടെ പേര് നൽകാൻ ഒരുങ്ങി അധികൃതർ