ചാമ്പ്യന്മാരെ വലിച്ചുകീറി ഹൈദരബാദ് വിളയാട്ട്!!

ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ഹൈദരാബാദ് സീസണിലെ ആദ്യ വിജയം നേടി. ഇന്ന് ഗോവയിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഹൈദരബാദ് നേടിയത്. സീസണിലെ ആദ്യ മത്സരത്തിൽ ഏറ്റ പരാജയത്തിന്റെ ക്ഷീണം തീർക്കാൻ ഇന്ന് ഹൈദരബാദിനായി. ഇന്ന് തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഹൈദരബാദിന്റെ വിജയം. ഇന്ന് ആറാം മിനുട്ടിൽ തന്നെ ജാഹോയിലൂടെ മുംബൈ ലീഡ് എടുത്തു.

പക്ഷെ ഈ ഗോളിന് 13ആം മിനുട്ടിലെ ഒരു പെനാൾട്ടിയിലൂടെ ഹൈദരബാദ് സമനില നേടി. ക്യാപ്റ്റൻ ജാവോ വിക്ടർ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ മുൻ മുംബൈ സിറ്റി സ്ട്രൈക്കർ കൂടുയായിരുന്ന ഒഗ്ബെചെയുടെ ഗോൾ ഹൈദരബാദിനെ 2-1ന് മുന്നിൽ എത്തിച്ചു. സബ്ബായി എത്തിയ രോഹിത് ദാനു 83ആം മിനുട്ടിൽ ഗോൾ നേടിയതോടെ ഹൈദരബാദ് 3 പോയിന്റ് ഉറപ്പിച്ചു. ഹൈദരബാദിന്റെ മുംബൈ സിറ്റിക്ക് എതിരായ ആദ്യ വിജയമാണിത്.