സമനിലയില്‍ കുരുങ്ങി ഹൈലാന്‍ഡേഴ്സും കൊല്‍ക്കത്തയും

ഇയാന്‍ ഹ്യൂമിന്റെ 90ാം മിനുട്ട് ഗോളിലൂടെ നോര്‍ത്തീസ്റ്റിനെതിരെ കൊല്‍ക്കത്ത സമനില പിടിച്ചെടുത്തപ്പോള്‍ ഉറപ്പിച്ച മൂന്ന് പോയിന്റുകളാണ് ഹൈലാന്‍ഡേഴ്സ് അവസാന നിമിഷം കൈവിട്ടത്. അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താനുള്ള നോര്‍ത്തീസ്റ്റ് യുണൈറ്റഡിന്റെ ശ്രമങ്ങള്‍ക്കേറ്റ് തിരിച്ചടിയാണീ സമനില. മത്സരം സമനിലയിലായെങ്കിലും സെമിയിലേക്ക് നേരിയ പ്രതീക്ഷ കൊല്‍ക്കത്തയ്ക്കിപ്പോളും നിലവിലുണ്ട്. നോര്‍ത്തീസ്റ്റിനു വേണ്ടി അഞ്ചാം മിനുട്ടില്‍ നികോ വെലെസ് നേടിയ ഗോളാണ് സന്ദര്‍ശകര്‍ക്ക് 90ാം മിനുട്ട് വരെ ലീഡ് നല്‍കിയത്. 14 പോയിന്റുകളോടു കൂടി കൊല്‍ക്കത്ത നാലാം സ്ഥാനത്തും 11 പോയിന്റുകള്‍ നേടിയ നോര്‍ത്തീസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനത്തുമാണ്.

മത്സരം തുടങ്ങി അഞ്ചാം മിനുട്ടില്‍ത്തന്നെ കൊല്‍ക്കത്ത പ്രതിരോധത്തിലെ ഹെന്‍റിക് സെറീനോയുടെ പിഴവ് മുതലാക്കി നികോ വെലെസ് ലീഡ് ഹൈലാന്‍ഡേഴ്സിനു വേണ്ടി ലീഡ് നേടിക്കൊടുത്തു. തിരിച്ചടിക്കാന്‍ ചില ശ്രമങ്ങള്‍ ആതിഥേയരുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും അതൊന്നും ഗോളിലേക്ക് എത്തിചേര്‍ന്നില്ല. മിനുട്ടുകള്‍ക്ക് ശേഷം സെറിനോയുടെ ഹെഡ്ഡര്‍ സുബ്രത പോള്‍ ശ്രമപ്പെട്ട് രക്ഷപ്പെടുന്നത് രബീന്ദ്ര സരോബര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ഇടവേള സമയത്ത് നികോ വെലെസ് നേടിയ ഗോളിനു നോര്‍ത്തീസ്റ്റ് ലീഡ് ചെയ്യുകയായിരുന്നു.

രണ്ടാം പകുതിയിലും ഗോള്‍മടക്കാനുള്ള ആവേശത്തോടു കൂടിയാണ് കൊല്‍ക്കത്ത കളത്തിലിറങ്ങിയത്. 52ാം മിനുട്ടില്‍ ജാവി ലാറ എടുത്ത കോര്‍ണര്‍ കിക്ക് സുബ്രത പോളിനെ മറികടന്നെങ്കിലും ഗോള്‍ ലൈനില്‍ ഉയര്‍ന്ന് ചാടിയ റോബിന്‍ ഗുരുംഗ് അത് ഹെഡ് ചെയ്തകറ്റി. എന്നാല്‍ പിന്നീട് ഏറെ മുന്നേറ്റങ്ങളും അവസരങ്ങളും നോര്‍ത്തീസ്റ്റ് നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. വെലെസും അല്‍ഫാരോയുമടങ്ങിയ വടക്കുകിഴക്കന്‍ മുന്നേറ്റനിര ഏത് സമയവും ലീഡ് ഉയര്‍ത്തുമെന്ന ഭീതിയിലാണ് കൊല്‍ക്കത്തയിലെ കാണികള്‍ മത്സരം വീക്ഷിച്ചത്. 82ാം മിനുട്ടില്‍ ലഭിച്ച മികച്ച അവസരം വീണു കിടന്ന ഗോള്‍കീപ്പറുടെ കൈയ്യിലേക്ക് ഹെഡ് ചെയ്യാന്‍ മാത്രമേ
അല്‍ഫാരോയ്ക്ക് സാധിച്ചുള്ളു. 90ാം മിനുട്ടില്‍ ജാവി ലാറ എടുത്ത ഫ്രീകിക്കില്‍ നിന്നാണ് കൊല്‍ക്കത്തയുടെ ഗോള്‍ പിറന്നത്. ഗോള്‍മുഖത്തേക്ക് ഹെഡ് ചെയ്ത് വന്ന പന്ത് ഉയര്‍ന്ന് ചാടിയ ഇയാന്‍ ഹ്യൂം കാലുകള്‍ കൊണ്ട് വലയിലേക്ക് തട്ടിയിട്ടപ്പോള്‍ നോക്കി നില്‍ക്കാനെ സുബ്രത പോളിനും സംഘത്തിനുമായുള്ളു.

നികോ വെലെസ് ആണ് മാന്‍ ഓഫ് ദി മാച്ച്. ഗോള്‍ ലൈന്‍ സേവിലൂടെ മാരുതി സുസൂക്കി സ്വിഫ്റ്റ് മോമന്റ് ഓഫ് ദി മാച്ചിനു റോബിന്‍ ഗുരുംഗ് അര്‍ഹനായി.