ഏവരെയും ഞെട്ടിക്കുന്ന നീക്കവുമായി മോഹൻ ബഗാൻ, ഹ്യൂഗോ ബൗമസിനെ റെക്കോർഡ് തുകയ്ക്ക് മുംബൈയിൽ നിന്ന് റാഞ്ചി

Newsroom

മുംബൈ സിറ്റിയുടെ ഇരട്ട കിരീടത്തിൽ നിർണായക പങ്കുവഹിച്ച ഹ്യൂഗോ ബൗമസിനെ എ ടി കെ മോഹൻ ബഗാൻ റാഞ്ചിയിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയ്ക്കാണ് ബൗമസിനെ മോഹൻ ബഗാൻ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഗോവയിൽ നിന്ന് ബൗമസിനെ മുംബൈ 1.76 കോടിക്കായിരുന്നു സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ അതിനെക്കാൾ വലിയ തുകയ്ക്കാണ് താരം മോഹൻ ബഗാനിലേക്ക് പോകുന്നത്.

അഞ്ചു വർഷത്തെ കരാർ താരം മോഹൻ ബഗാനിൽ ഒപ്പുവെച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. കഴിഞ്ഞ സീസണിൽ മുംബൈക്ക് ആയി 3 ഗോളുകളും 7 അസിസ്റ്റും താരം സംഭാവന ചെയ്തിരുന്നു. മുംബൈയുടെ ഐ എസ് എൽ ഷീൽഡിലും ഐ എസ് എൽ കിരീടത്തിലും വലിയ പങ്കുവഹിക്കാൻ താരത്തിനായിരുന്നു.

2019-20 സീസണിൽ എഫ് സി ഗോവയ്ക്ക് വേണ്ടി പതിനൊന്ന് ഗോളുകളും 10 അസിസ്റ്റും സംഭാവന ചെയ്തതോടെയായിരുന്നു ഹ്യൂഗോ ഐ എസ് എല്ലിൽ ഏറ്റവും മികച്ച ക്രിയേറ്റീവ് താരാമായി മാറിയത്. ആ സീസണിൽ ഗോവയ്ക്ക് ലീഗ് ഷീൽഡ് നേടിക്കൊടുക്കാനും താരത്തിനായിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ 58 മത്സരങ്ങൾ കളിച്ച ഹ്യൂഗോക്ക് ലീഗിൽ 19 ഗോളുകൾ നേടാനും 24 ഗോളുകൾ ഒരുക്കാനും സാധിച്ചിട്ടുണ്ട്.