ഗോൾ വിരുന്ന് ഒരുക്കി ഹ്യൂഗോ, മുംബൈക്ക് മുന്നിൽ തകർന്നടിഞ്ഞ് ഈസ്റ്റ് ബംഗാൾ

Img 20201201 211343
- Advertisement -

ഇന്നാണ് മുംബൈ സിറ്റി യഥാർത്ഥ ലൊബേര ടീമായി മാറിയത്. കൊൽക്കത്തൻ ശക്തികളായ ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞ് മുംബൈ സിറ്റി ഇന്ന് വലിയ വിജയം തന്നെ സ്വന്തമാക്കി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റി ഇന്ന് വിജയിച്ചത്. കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ അസിസ്റ്റ് മെഷീൻ ആയിരുന്ന ഹ്യൂഗോ ബൗമസ് ആണ് ഇന്ന് മുംബൈ സിറ്റിയുടെ വിജയ ശില്പിയായത്.

മുംബൈ സിറ്റി നേടിയ മൂന്ന് ഗോളുകളും ഒരുക്കിയത് ബൗമസ് ആയിരുന്നു. ആദ്യം 20ആം മിനുട്ടിൽ ഒരു കൗണ്ടറിലൂടെ ആയിരുന്നു മുംബൈ സിറ്റിയുടെ ആദ്യ ഗോൾ. റൗളിംഗ് ബോർജസിന്റെ ലോംഗ് ബോൾ സ്വീകരിച്ച് കുതിച്ച ഹ്യൂഗോ ബൗമസ് ഈസ്റ്റ് ബംഗാൾ ഡിഫൻസിനെ വട്ടം കറക്കി അവസാനം ആദം ലെ ഫോണ്ട്രെയ്ക്ക് പാസ് നൽകി. പന്ത് വലയിലേക്ക് തട്ടി ഇടേണ്ട പണിയെ ലെ ഫോണ്ട്രെയ്ക്ക് ഉണ്ടായിരുന്നുള്ളൂ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു മുംബൈ സിറ്റിയുടെ രണ്ടാം ഗോൾ. ബൗമസ് ആണാ പെനാൾട്ടി നേടിയത്. പെനാൾട്ടി ലെ ഫോണ്ട്രെ ലക്ഷ്യം തെറ്റാതെ വലയിൽ എത്തിച്ചു. പിന്നാലെ മുംബൈ സിറ്റിയുടെ മൂന്നാം ഗോളും എത്തി. 58ആം മിനുട്ടിൽ ഹെർനാൻ സാന്റാന ആണ് ഗോളുനായി എത്തിയത്. ആ ഗോളും ബൗമസ് ആണ് ഒരുക്കിയത്.

ഈ വിജയത്തോടെ 6 പോയിന്റുമായി മുംബൈ സിറ്റി ലീഗിൽ ഒന്നാമത് എത്തി. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാൾ ലീഗിൽ അവസാന സ്ഥാനത്താണ് ഉള്ളത്.

Advertisement