Picsart 22 12 03 19 50 05 475

ചെന്നൈയിനെ തകർത്ത് ഹൈദരാബാദ് വീണ്ടും വിജയവഴിയിൽ

ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്ന് ഹൈദരാബാദ് എഫ്‌സിക്ക് തകർപ്പൻ ജയം. ചെന്നൈയിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഹാളിചരൻ നർസാരി, കൊൻഷാം, ബോർഹ ഹെരേര എന്നിവർ ഹൈദരാബാദിനായി വല കുലുക്കിയപ്പോൾ സ്ലിസ്കോവിച്ചാണ് ആതിഥേയരുടെ ആശ്വാസ ഗോൾ നേടിയത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറാൻ ഹൈദരാബാദിനായി. ചെന്നൈയിൻ ഏഴാമതാണ്.

ചെന്നൈയിന്റെ മുന്നേറ്റങ്ങൾ ആണ് ആദ്യ മിനിറ്റുകളിൽ കണ്ടത്. എന്നാൽ ഹൈദരാബാദ് കീപ്പർ ഗുർമീത് സിങിനെ മറികടക്കാൻ അവർക്കായില്ല. ഡിഫെൻസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലും പലപ്പോഴും അവരുടെ രക്ഷക്കെത്തി. രണ്ടാം പകുതിയിലും തുടക്കത്തിൽ ഗോൾ അകന്ന് നിന്നെങ്കിലും പിന്നീട് തുടരെ വല കുലുങ്ങുന്നതിനാണ് ചെന്നൈ സാക്ഷ്യം വഹിച്ചത്. അറുപത്തിയഞ്ചാം മിനിറ്റിൽ ഹാളിച്ചരൻ നർസാരിയിലൂടെ ഹൈദരാബാദ് ആദ്യ ഗോൾ നേടി.

അഞ്ച് മിനിറ്റുകൾക്ക് ശേഷം പ്രതിരോധ താരം അജിത് കുമാർ രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തു പോയത് ചെന്നൈയിന് വലിയ തിരിച്ചടി ആയി. എഴുപതിനാലാം മിനിറ്റിൽ ഹൈദരാബാദ് ലീഡ് വർധിപ്പിച്ചു. കോർണറിൽ നിന്നെത്തിയ ബോൾ ക്ലിയർ ചെയ്യുന്നതിൽ എതിർ പ്രതിരോധത്തിന് പിഴച്ചപ്പോൾ അവസരം മുതലെടുത്ത കൊൻഷാം സിങ് പന്ത് വലയിൽ എത്തിച്ചു. എഴുപതിയെട്ടാം മിനിറ്റിൽ സ്ലിസ്കോവിച്ചിന്റെ ഹെഡർ ഗോളിൽ ചെന്നൈയിൻ തിരിച്ചു വരവിന്റെ സൂചനകൾ നൽകി.

എന്നാൽ പകരക്കാരനായി എത്തിയ ബോർഹ ഹെരേര ബോക്സിന് പുറത്തു നിന്നും തൊടുത്ത ഒന്നാന്തരമൊരു ഷോട്ട് ഗോൾ ആയി മാറിയതോടെ ഹൈദരാബാദ് വിജയം ഉറപ്പിച്ചു. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ തോൽവി നേരിട്ട നിലവിലെ ചാമ്പ്യന്മാർക്ക് ഇതോടെ വീണ്ടും വിജയവഴിയിൽ തിരിച്ചെത്താൻ ആയി.

Exit mobile version