ഇത്തവണ ഹെങ്ബർട്ട് ബ്ലാസ്റ്റേഴ്സിലേക്ക് ഇല്ല, വിളിക്കാത്തതിൽ ദുഃഖമെന്ന് വല്യേട്ടൻ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ വർഷത്തെ ഫൈനൽ വരെയുള്ള കുതിപ്പിൽ പ്രധാനപങ്കു വഹിച്ച താരം സെഡറിക് ഹെങ്ബർട്ട് ഇത്തവണ എത്തില്ല എന്ന് ഉറപ്പിച്ചു. ഫ്രഞ്ചുകാരനായ താരം തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. കേരളം വിളിക്കാത്തതിൽ സങ്കടം ഉണ്ടെന്നും മഞ്ഞ ജേഴ്സി ഇത്തവണ ധരിക്കാൻ കഴിയില്ലാ എന്നാണ് തോന്നുന്നത് എന്നു താരം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനു വേറെ പ്ലാനുകളാണുള്ളത് എന്ന് പറഞ്ഞ താരം ബ്ലാസ്റ്റേഴ്സ് ആരാധകരെ എന്നും സ്നേഹിക്കുന്നു എന്നും പറഞ്ഞു. ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ട് എന്ന് നേരത്തെ താരം അറിയിച്ചിരുന്നു. എന്നാൽ യുവതാരങ്ങളെ തിരയുന്ന പുതിയ കേരള ബ്ലാസ്റ്റേഴ്സ് മാനേജറും സംഘവും ഹെങ്ബർട്ടിനെ പരിഗണിച്ചില്ല. 37കാരനായ ഹെങ്ബർട്ടിനെ ഒരു സീസൺ കൂടെ വിശ്വസിക്കാൻ ബ്ലാസ്റ്റേഴ്സിന് താല്പര്യം ഉണ്ടായിരുന്നില്ല. പകരം സെർബിയയിൽ നിന്ന് യുവ സെന്റർ ബാക്ക് നെമാഞ്ചയെ റെനെ മുളെൻസ്റ്റീൻ ഇപ്പോൾതന്നെ ടീമിൽ എത്തിച്ചിട്ടുണ്ട്.

കേരളം ഫൈനലിൽ എത്തിയ രണ്ടു സീസണിലും ഹെങ്ബർട്ട് കേരള ഡിഫൻസിൽ ഉണ്ടായിരുന്നു. അവസാന ഫൈനലിൽ പെനാൾട്ടി നഷ്ടമാക്കിയതിന് ഹെങ്ബർട്ട് മാപ്പ് പറഞ്ഞപ്പോൾ വല്യേട്ടനെന്നു വിളിക്കുന്ന ഹെങ്ബർട്ടിനെ ആരാധകർ സ്നേഹം കൊണ്ട് പൊതിഞ്ഞത് വാർത്തയായിരുന്നു. രണ്ടു സീസണുകളിലായി 26 മത്സരങ്ങൾ താരം കേരളത്തിനു വേണ്ടി കളിച്ചിട്ടുണ്ട്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement