ഗുർപ്രീത് ഐ എസ് എല്ലിലേക്ക് വരുന്നു, ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും പ്രതീക്ഷയിൽ

- Advertisement -

ഇന്ത്യയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു ഇന്ത്യയിലേക്ക് മടങ്ങി വരുന്നു. നോർവേയിൽ സ്റ്റാബെക്കിന്റെ ഗോൾകീപ്പറായ സന്ധു യൂറോപ്പ് വിട്ട് വരുന്നത് ഐ എസ് എൽ കളിക്കാനാണ്. സന്ധുവിനെ സ്വന്തമാക്കാൻ പോകുന്നത് ബെംഗളൂരു എഫ് സി ആയിരിക്കും എന്നാണ് അവസാന റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ബെംഗളൂരു വലകാത്ത അമ്രീന്ദറിനെ നഷ്ടപ്പെടുത്തിയ ബെംഗളൂരുവിന് ഒരു ഗോൾകീപ്പർ അത്യാവിശ്യമാണ്. മാത്രമല്ല നാളെ ഒരു വൻ സൈനിംഗ് ഉണ്ടാകുമെന്ന് ബെംഗളൂരു എഫ് സി ഓണർ ജിൻഡാൽ ഇന്ന് ട്വിറ്ററിൽ പറയുകയുമുണ്ടായി.

ബെംഗളൂരു എഫ് സി തന്നെയാകും ഗുർപ്രീതിനെ സ്വന്തമാക്കുക എന്നാണ് അറിയാൻ കഴിയുന്നത് എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും പ്രതീക്ഷയിലാണ്. ഇതുവരെ ഒന്നാം നമ്പർ ഗോൾ കീപ്പറെ തീരുമാനിക്കാത്ത കേരള ബ്ലാസ്റ്റേഴ്സ് വിദേശി ഗോൾ കീപ്പറെ സ്വന്തമാക്കേണ്ട അവസ്ഥയിലാണ്.

പ്രമുഖ ഫുട്ബോൾ ഏജന്റ് ബൽജിത് റിഹാൽ ഗുർപ്രീത് വരാൻ സാധ്യതയുള്ള ക്ലബുകളിൽ കേരള ബ്ലാസ്റ്റേഴ്സിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതു കേരള ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. ഗുർപ്രീത് സിങ്ങിനെ ബെംഗളൂരു സ്വന്തമാക്കിയില്ലാ എങ്കിൽ സന്ധു ബ്ലാസ്റ്റേഴ്സിലേക്ക് തന്നെയാകും എത്തുക. പൂനെ എഫ് സിയും പുതിയ ഗോൾകീപ്പർക്കായി ശ്രമിക്കുന്നതായി വിവരങ്ങൾ ഉണ്ട്.

കഴിഞ്ഞ മൂന്ന് സീസണുകളിലായി നോർവേ ടോപ് ഡിവിഷൻ ക്ലബ് സ്റ്റാബെക്കിന് കളിക്കുന്ന സന്ധു യൂറോപ്പ ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം കഴിഞ്ഞ വർഷം സ്വന്തമാക്കിയിരുന്നു. സ്റ്റാബെക്കിലേക്ക് പുതിയ ഗോൾകീപ്പർ ജോൺ അൽവ്ബാഗ് വന്നതും അവിടെ ആദ്യ ഇലവനിൽ അവസരം കിട്ടാത്തതുമാണ് സന്ധു ഇന്ത്യയിലേക്ക് മടങ്ങാനുള്ള കാരണം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement