എതിരാളികൾക്ക് മേൽ ഗോൾ മഴ വർഷിച്ച് ഗോവൻ പട

ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിൽ കാൽപ്പന്തുകളിയുടെ വളക്കൂറുള്ള മണ്ണ് തന്നെയാണ് ഗോവ എന്ന കൊച്ചു സംസ്ഥാനം. അതുകൊണ്ട് തന്നെ ഇന്ത്യൻ ചരിത്രത്തിൽ ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഫുട്ബാൾ മാമാങ്കമായ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ടീമുകളിൽ അവർക്കും ഒരിടം കിട്ടി. ഐ.എസ്.എല്ലിന്റെ രണ്ടാം സീസണിൽ ഫൈനലിൽ പ്രവേശിച്ചു ചെന്നൈയോട് അവസാന നിമിഷത്തിൽ പൊരുതി തോറ്റതല്ലാതെ മറ്റു രണ്ടു സീസണുകളിലും അവർക്ക് കാര്യമായ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ നാലാം സീസണിലേക്ക് അടിമുടി മാറ്റി മറിച്ചു കയറി വന്ന അവരുടെ പ്രകടനം കണ്ടാൽ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വെറും 5 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളാണ് ഗോവൻ ടീം എതിരാളികളുടെ വലയിലേക്ക് അടിച്ച് കയറ്റിയത്. കോപ്പലാശാന്റെ ജംഷഡ്‌പൂർ എഫ്.സി ഇതുവരെ നേടിയത് ഒരു ഗോൾ മാത്രമാണെന്ന് ഓർക്കണം.

ഐ.എസ്.എല്ലിലെ ഏതൊരു കോച്ചും ആഗ്രഹിക്കുന്ന പോലെ ഒരു ടീം, അത്രക്കും മനോഹരമാണ് ഈ സീസണിൽ അവരുടെ ഫുട്ബാൾ. കഴിഞ്ഞ മൂന്നുവർഷവും സാക്ഷാൽ സീക്കോയുടെ തന്ത്രങ്ങൾക്കും ബ്രസീലിയൻ താളത്തിനും കഴിയാത്ത ഒരു ഫുട്ബാൾ ഭംഗി ഇത്തവണ ഗോവൻ ടീമിന് ആരാധകർക്ക് നൽകാൻ കഴിയുന്നുണ്ട്. ബ്രസീലിയൻ താളത്തിൽ നിന്നും തെന്നി തിരിഞ്ഞു വേഗതകൊണ്ട് പിന്നിലാക്കുന്ന സ്പാനിഷ് തന്ത്രത്തിലേക്കും ഒപ്പം സ്പാനിഷ് താരങ്ങളിലേക്കും ഗോവ മാറിയപ്പോൾ എതിരാളികളുടെ പോസ്റ്റിൽ ഗോൾ കൊണ്ട് നിറക്കുന്ന ടീമായി മാറി ഗോവൻ പട.

അഞ്ചു മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകൾ നേടിയ കൊറോമിനാസ് തന്നെയാണ് അവരുടെ വജ്രായുധവും, ഒപ്പം ലാസറൊട്ടെയും ഇന്ത്യൻ താരം മന്ദർ റാവുവും കൂടി ചേരുമ്പോൾ എതിരാളികൾക്ക് മതിലിട്ട് തടയാൻ പറ്റാത്ത ആക്രമണ നിരയായി അവർ മാറി. തുടക്കത്തിൽ പ്രതിരോധ നിര അൽപ്പം പിഴവുകൾ വരുത്തി ഇരുന്നെങ്കിലും ഗോളി കട്ടിമണിയും പ്രതിരോധവും പതുക്കെ ഫോമിലേക്ക് വന്നു തുടങ്ങി.

5 മത്സരങ്ങളിൽ നിന്നും കൊറോമിനാസ് അടിച്ച ഗോളിന്റെ എണ്ണംപോലും ഐ.എസ്.എല്ലിലെ ചില ടീമുകൾക്ക് നേടാനായിട്ടില്ല. അർദ്ധാവസരങ്ങൾ പോലും മനോഹരമായി ഗോൾ നേടുന്ന ഗോവൻ ടീമിന്റെ ആക്രമണത്തിന്റെ ചൂടറിഞ്ഞവരാണ് ബംഗളൂരുവും ബ്ലാസ്റ്റേഴ്സും ഡൽഹിയുമെല്ലാം. ഏതായാലും ഫുട്ബാളിനെ സ്നേഹിക്കുന്ന തീരാദേശ ഫുട്ബാൾ സ്നേഹികൾക്ക് ഒരുപാട് പ്രതീക്ഷകളും മറക്കാനാകാത്ത നിമിഷങ്ങളും സമ്മാനിച്ചാണ് ലീഗിൽ ഗോവ മുന്നേറുന്നത് .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial