വിജയം തുടരാൻ ഗോവ , വിജയ വഴി തേടി മുംബൈ

- Advertisement -

അവസാന സ്ഥാനത്തു നിന്ന് കരകയറാൻ ഗോവയും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ മുംബൈയും ഏറ്റുമുട്ടുമ്പോൾ ജവാഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തുന്ന കാണികൾക്കു നല്ലൊരു ഫുട്ബോൾ വിരുന്നാവും. 2015ൽ ഗോവക്കെതിരെ ഈ ഗ്രൗണ്ടിൽ വെച്ച് 7 ഗോൾ വഴങ്ങിയതിന്റെ ഓർമകളുമായാവും മുംബൈ ഇവിടെ ഇറങ്ങുക. ഐ സ് എൽ 2016ന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ഓരോ പോയിന്റും ഇരു ടീമുകൾക്കും വിലപെട്ടതാവും.

കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ നേടിയ ജയത്തിന്റെ ആവേശത്തിൽ ആണ് ഗോവ ഇന്ന് ഇറങ്ങുക. 9 ഇന്ത്യൻ കളിക്കാരുമായി നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങിയ സീക്കോയുടെ ടീം അവസാന നിമിഷ ഗോളിലാണ് നോർത്ത് ഈസ്റ്റിനെതിരെ വിജയിച്ചത്.  10 മത്സരത്തിൽ നിന്ന് 10 പോയിന്റുമായി ഗോവ അവസാന സ്ഥാനത്താണ്. എന്നാൽ ബാക്കിയുള്ള എല്ലാ കളികളും ജയിച്ചു സെമി ഫൈനൽ സാധ്യത നിലനിർത്താൻ ആവും അവരുടെ ശ്രമം. 2014ലെ ഐ എസ് എല്ലിൽ അവസാനത്തെ 4 മത്സരത്തിൽ മൂന്നും ജയിച്ചു സീക്കോയുടെ ടീം രണ്ടാം സ്ഥാനം നേടിയിരുന്നു.

നോർത്ത് ഈസ്റ്റിനെതിരെ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണി തന്നെയാവും ഗോവയെ നയിക്കുക. പ്രധിരോധ താരങ്ങൾ ആയ ലൂസിയാനോയും അർനോളിനും  സസ്പെന്ഷൻ കാരണം ഇന്ന് കളിക്കില്ല. പരിക്കും മൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ജോഫ്രെ ഇന്ന് ടീമിൽ തിരിച്ചെത്തിയേക്കും.

കഴിഞ്ഞ മത്സരത്തിൽ പൂനെ സിറ്റിയോടേറ്റ തോൽവിയുടെ ഓര്‍മ്മകളുമായാണ് മുംബൈ ഇന്നിറങ്ങുന്നത്.  10 കളികളിൽ നിന്ന് 15 പോയിന്റുമായി മുംബൈ 3ആം സ്ഥാനത്താണ്. ഇന്ന് മുംബൈ  ജയിച്ചാൽ പോയന്‍റ്  നിലയിൽ അവർക്കു ഒന്നാമതെത്താൻ സാധിക്കും. ഇത് മുൻപിൽ കണ്ടുകൊണ്ടു തന്നെയാവും കോച്ച് അലക്സാൺഡ്രോ ഗുയിമെർസ് ടീമിനെ ഗ്രൗണ്ടിൽ ഇറക്കുക. ഇനിയുള്ള മൂന്ന് കളികൾ സ്വന്തം ഗ്രൗണ്ടിൽ ആണെകിലും ഇതുവരെ കഴിഞ്ഞ ഹോം മത്സരങ്ങളിൽ ഒന്ന് മാത്രമാണ് മുംബൈക്ക് സ്വന്തം ഗ്രൗണ്ടിൽ ജയിക്കാൻ സാധിച്ചത്.

എ എഫ് സി കപ്പ് കഴിഞ്ഞു തിരിച്ചെത്തിയ സുനിൽ ഛേത്രിക്കു തന്നെയാവും മുംബൈ ആക്രമണങ്ങളുടെ ചുമതല.  കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന സോണി നോർദെ തിരിച്ചെത്തിയേക്കും. ലൂസിയാൻ  ഗോയാന്റെ കീഴിൽ ഇറങ്ങുന്ന മുംബൈ പ്രതിരോധം ഗോവൻ ആക്രമണം ഫലപ്രദമായി  തടയുമെന്നു തന്നെയാണ് കോച്ചിന്റെ പ്രതീക്ഷ.

Advertisement