ആവേശ സമനിലയ്ക്കൊടുവില്‍ മുംബൈയ്ക്ക് രണ്ടാം സ്ഥാനം

- Advertisement -

ഫടോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ 19000ത്തോളം വരുന്ന കാണികളുടെ മുന്നില്‍ വിജയം നേടി പോയിന്റ് പട്ടികയിലെ സ്ഥാനക്കയറ്റം നേടാമെന്ന ഗോവന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി. അവസരങ്ങള്‍ മുതലാക്കുന്നതില്‍ ഇരു ടീമുകളും പരാജയപ്പെട്ടപ്പോള്‍ ഗോള്‍രഹിത സമനില വഴങ്ങി ഗോവയും മുംബൈയും പോയിന്റുകള്‍ പങ്കുവെച്ചു. 16 പോയിന്റുകളോടെ മുംബൈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ ഗോവ ലീഗില്‍ ഏഴാം സ്ഥാനത്താണ്.

നാലാം മിനുട്ടില്‍ തന്നെ ഗോവന്‍ ഗോള്‍മുഖത്തേക്ക് സുനില്‍ ഛേത്രിയിലൂടെ മുംബൈ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ തങ്ങളുടെ ആദ്യ അവസരത്തിനായി ഗോവയ്ക്ക് 22ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. റോമിയോ ഫെര്‍ണാണ്ടസ് തൊടുത്ത ഷോട്ട് അല്‍ബിനോ ഗോമസിനു പകരം ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങിയ അമരീന്ദര്‍ സിംഗിന് യാതൊരു തരത്തില്‍ ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായിരുന്നില്ല. ആദ്യ പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ച മുംബൈയ്ക്ക് അവയൊന്നും തന്നെ ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ഗോവന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ കട്ടിമണിയും ഓരോ തവണം അവസരത്തിനൊത്തുയര്‍ന്ന് ഗോള്‍ നിഷേധിക്കുകയായിരുന്നു. ഗോളുകളൊന്നും നേടാതെ ആദ്യ പകുതിയിക്ക് പിരിയുമ്പോളും മുന്‍തൂക്കം സന്ദര്‍ശകര്‍ക്കായിരുന്നു. ഫോര്‍ലാന്‍ ഛേത്രി കൂട്ടുകെട്ടിലൂടെ രണ്ടാം പകുതിയില്‍ ഗോള്‍ എപ്പോള്‍ വേണമെങ്കിലും മുംബൈ ഗോള്‍ നേടുമെന്നൊരു പ്രതീതി മത്സരത്തിലുടനീളം പ്രകടമായിരുന്നു.

62ാം മിനുട്ടില്‍ ഛേത്രിക്ക് ലഭിച്ച മികച്ച അവസരം ഇന്ത്യന്‍ ക്യാപ്റ്റന്‍ നഷ്ടപ്പെടുത്തുകയായിരുന്നു. അര്‍ണോലിന്റെ പിഴവില്‍ നിന്ന് ലഭിച്ച പന്ത് ഫോര്‍ലാന്‍ ഛേത്രിക്ക് പാസ് ചെയ്തെങ്കിലും ആദ്യാവസരത്തില്‍ ഷോട്ടുതിര്‍ക്കാന്‍ പരാജയപ്പെട്ട ഛേത്രിയുടെ പിന്നീടുള്ള ഷോട്ട് ഗോവന്‍ പ്രതിരോധത്തില്‍ തട്ടിയകന്നു.
മൂന്ന് മിനുട്ടുകള്‍ ശേഷം ഫോര്‍ലാന്റെ ഒരു ശ്രമം കട്ടിമണിയെ മറികടന്ന് ഗോള്‍മുഖത്തേക്ക് നീങ്ങിയെങ്കിലും അവസാന നിമിഷം അര്‍ണോലിന്‍ പന്ത് ക്ലിയര്‍ ചെയ്യുകയായിരുന്നു. 83ാം മിനുട്ടില്‍ കട്ടിമണിയുടെ ഒരു ഫുള്‍ലെങ്ത് സേവിലൂടെ ഗോവ തങ്ങളുടെ ക്ലീന്‍ഷീറ്റ് കാത്തു. സുനില്‍ ഛേത്രിയുടെ ഷോട്ടാണ് കട്ടിമണി സേവ് ചെയ്തത്.

മത്സരം ഏറെക്കുറേ സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിലാണ് മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ജൂലിയോ സീസര്‍ പോസ്റ്റിലേക്ക് തട്ടിയിട്ട പന്ത് ടൂര്‍ണ്ണമെന്റിലെതന്നെ സേവ് എന്ന് വിശേഷിപ്പിക്കാവുന്ന സേവ് നടത്തി അമരീന്ദര്‍ സിംഗ് മുംബൈയെ രക്ഷിക്കുകയായിരുന്നു.

ഗോവയുടെ റാഫേല്‍ കൊയ്‍ലോ ആണ് ഹീറോ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.

Advertisement