രണ്ടാം സെമിയിൽ ഗോവ – ചെന്നൈയിൻ പോരാട്ടം

ഐ എസ് എല്ലിലെ രണ്ടാമത്തെ സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ എഫ് സി ഗോവ ചെന്നൈയിൻ എഫ് സിയെ നേരിടും. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. നേരത്തെ ഇരു ടീമുകളും ഗോവയിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിൻ വിജയിച്ചിരുന്നു.

മികച്ച ഫോമിലാണ് ഗോവ ചെന്നൈയിനെ നേരിടാനിറങ്ങുന്നത്. ലീഗിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമും ഗോവയാണ്. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും മികച്ച ജയം സ്വന്തമാക്കിയാണ് ഗോവ സെമി ഉറപ്പിച്ചത്. ലീഗിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോവ തുടർന്ന് ലീഗിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ ജയം കണ്ടെത്താൻ വിഷമിച്ചെങ്കിലും നിർണായക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സെമി ഉറപ്പിച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് മാത്രം 12 ഗോളുകളാണ് ഗോവ അടിച്ചു കൂട്ടിയത്.

അതെ സമയം ലീഗിൽ ബെംഗളുരുവിന് പിന്നിൽ  രണ്ടാം സ്ഥാനം നേടിയാണ് ചെന്നൈയിൻ സെമി ഉറപ്പിച്ചത്. 2015ൽ ചെന്നൈയിൻ ഐ എസ് എൽ കിരീടം ഉയർത്തിയപ്പോൾ ഫൈനലിൽ അവർ ഗോവയെ ആയിരുന്നു മറികടന്നത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ പരാജയമറിയാതെയാണ് ചെന്നൈയിൻ ഗോവയെ നേരിടാനിറങ്ങുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial