ഗോവക്ക് ഇന്ന് നിർണായക മത്സരം, ബ്ലാസ്റ്റേഴ്സിന് അതിനിർണായകം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് വളരെ നിർണായകമായ മത്സരത്തിൽ എഫ് സി ഗോവ ഇന്ന് ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ ഉഴലുന്ന എ ടി കെയെ നേരിടും. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ ഗോവ ജയം സ്വന്തമാക്കിയാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ സെമി കാണാതെ പുറത്താകും.

ഗോവക്കെതിരെയുള്ള ഹെഡ് ടു ഹെഡിൽ ബ്ലാസ്റ്റേഴ്‌സ് പിറകിലായത്കൊണ്ട് തന്നെ ഇന്ന് ജയിച്ചു അടുത്ത മത്സരത്തിലെ ഒരു സമനില പോലും അവർക്കു സെമി പ്രവേശനം സാധ്യമാകുകയും ചെയ്യും. അതെ സമയം സെമി പ്രതീക്ഷയുമായി നിൽക്കുന്ന ജാംഷഡ്‌പൂരാണ് അടുത്ത മത്സരത്തിൽ ഗോവയുടെ എതിരാളികൾ. കേരള ബ്ലാസ്റ്റേഴ്സിന് സെമിയിൽ എത്താൻ എന്തെങ്കിലും സാധ്യത വേണമെങ്കിൽ ഗോവ ഇന്ന് തോൽക്കണം. ഭാഗ്യ നിർഭാഗ്യങ്ങളുടെ കണക്കുകൂട്ടലിൽ ഭാഗ്യം കേരളത്തെ തുണക്കുമോ എന്ന് കാത്തിരുന്നു കാണാം.

കഴിഞ്ഞ മത്സരത്തിൽ പൂനെക്കെതിരെ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഗോവ ഇന്നിറങ്ങുന്നത്. തുടർച്ചയായ നാല് മത്സരങ്ങളിൽ ജയം നേടാനാവാതെയായിരുന്നു ഗോവ പൂനെയെ നേരിട്ടത്. എന്നാൽ പൂനെ യുടെ ഗ്രൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോവ ഏകപക്ഷീയമാണ് നാല് ഗോളിനാണ് ജയിച്ചു കയറിയത്. മികച്ച ഫോമിലുള്ള കോറോമിനാസിൽ തന്നെയാവും ഗോവയുടെ പ്രതീക്ഷകൾ. ഫോമിലേക്കുയർന്ന ഹ്യൂഗോ ബൗമോസിന്റെ പ്രകടനാവും ഇന്നത്തെ മത്സരത്തിൽ നിർണായകമാകും. 16 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി ഗോവ ബ്ലാസ്റ്റേഴ്സിന് പിറകിൽ ആറാം സ്ഥാനത്താണ്.

എ ടി കെയാവട്ടെ പുതിയ കോച്ചിന് കീഴിൽ ഒരു മത്സരം പോലും ജയിക്കാതെ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ എ ടി കെക്കായിട്ടില്ല.  പക്ഷെ ഐ എസ് എല്ലിൽ ഇതുവരെ ഗോവയോട് തോറ്റിട്ടില്ല എന്നത് അവർക്ക് പ്രതീക്ഷ നൽകും. കഴിഞ്ഞ മത്സരത്തിൽ 3-1ന് ഡൽഹിക്കെതിരെ ലീഡ് നേടിയിട്ടും തോൽക്കാനായിരുന്നു എ ടി കെയുടെ വിധി. ഇഞ്ചുറി ടൈമിൽ മത്യാസ് മീരാബാജെ നേടിയ ഗോളിലാണ് എ ടി കെ തോൽവി സമ്മതിച്ചത്. അതെ സമയം കഴിഞ്ഞ മത്സരത്തിൽ രണ്ട് ഗോളടിച്ച റോബി കീൻ എ ടി കെയുടെ രക്ഷക്കെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 16 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി എ ടി കെ 9ആം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement