നിർണ്ണായക പോരാട്ടത്തിന് ഗോവ ഇന്ന് കൊൽക്കത്തക്കെതിരെ

- Advertisement -

ഇനിയുള്ള 3 മത്സരങ്ങളിലും വിജയത്തിൽ കുറഞ്ഞ ഒന്നും തങ്ങളെ സെമി ഫൈനലിൽ എത്തിക്കില്ലെന്ന് സീക്കോക്കും സംഘത്തിനും നന്നായറിയാം. അതിനാൽ തന്നെ ഇന്ന് കൊൽക്കത്തയെ നേരിടാനിറങ്ങുമ്പോൾ ഗോവ വിജയത്തിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല. 11 കളികളിൽ നിന്ന് 11 പോയിന്റുമായി ലീഗിലെ അവസാന സ്ഥാനത്താണ് ഗോവ ഇപ്പോൾ. സസ്പെൻഷനിൽ നിന്നും പരിക്കിൽ നിന്നും പ്രധാന താരങ്ങൾ തിരിച്ചെത്തുന്നത് ഗോവക്ക് ശക്തി പകരും. എന്നാൽ ഇന്നേ വരെ സൂപ്പർ ലീഗിൽ കൊൽക്കത്തയെ തോൽപ്പിക്കാനാവാത്തത് ഗോവക്ക് അത്ര നല്ല ഓർമ്മകളല്ല നൽകുന്നത്.

ലക്ഷ്മികാന്ത് കിട്ടമണിയോ സുഭാഷിഷ് റായ് ചൗധരിയോ ആവും ഗോവൻ ഗോൾ വല കാക്കുക. പ്രതിരോധത്തിനു സസ്പെൻഷനിൽ നിന്ന് തിരിച്ചെത്തുന്ന ക്യാപ്റ്റൻ ഗ്രിഗറി അർനോളിനും മാർക്വീ താരം ലൂസിയാനോയും കരുത്ത് പകരും. ലൂസിയാനോയുടേതും ഗ്രിഗറിയുടേതും തിരിച്ച് വരവ് ഗോവക്ക് വലിയ ആശ്വാസം പകരും. മധ്യനിരയിൽ റിച്ചാർയ്‌സൺ, മാത്യൂസ് എന്നിവർകൊപ്പം പരിക്കിൽ നിന്ന് മോചിതനായ ജോഫ്ര എത്തുന്നത് സീക്കോക്ക് ആത്മവിശ്വാസം നൽകും. ഒപ്പം റോമിയോ ഫെർണാണ്ടസിൻ്റെ സേവനവും അവർക്ക്‌ ഉപയോഗിക്കാം. മുന്നേറ്റത്തിൽ പരിക്കിൽ നിന്ന് തിരിച്ചെത്തുന്ന ജൂലിയോ ഡീസറാവും റോബിൻ സിങിന് കൂട്ടായി ഇറങ്ങുക.

11 കളികളിൽ നിന്ന് 15 പോയിന്റുമായി മൂന്നാമതുള്ള കൊൽക്കത്ത സെമി ഫൈനൽ ഉറപ്പാക്കാനാവും ഇന്ന് ശ്രമിക്കുക. കഴിഞ്ഞ 3 കളികളിലും സമനില വഴങ്ങിയ അവർക്കും പ്രധാന താരങ്ങളുടെ തിരിച്ച് വരവ് കരുത്ത് പകരുന്നു. ഈ ഘട്ടത്തിൽ 3 പോയിൻ്റെ വില നന്നായറിയാവുന്ന മൊളീന എന്ത് വില കൊടുത്തും അത് സ്വന്തമാക്കാനാവും ശ്രമിക്കുക. ഒപ്പം ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നേ വരെ ഗോവയോട് തോൽവി അറിഞ്ഞിട്ടില്ല എന്നതും അവർക്ക് ആത്മവിശ്വാസം നൽകുന്ന വസ്തുതയാണ്.

ഗോളിന് കീഴിൽ പതിവ് പോലെ ദെബ്ജിത്ത് മഞ്ചുദാർ തന്നെയാവും. ഇന്ത്യൻ താരം അർണബ് മണ്ഡലും ടിറിയും അടങ്ങുന്ന പ്രതിരോധം സ്ഥിരത പുലർത്തുന്നുണ്ട്. മധ്യനിരയിൽ ക്യാപ്റ്റൻ ബോർജ ഫെർണാണ്ടസിന് കരുത്ത് പകരാൻ സ്റ്റീഫൻ പിയേർസൺ കളിക്കാനും സാധ്യതയുണ്ട്. വിങുകളിൽ ജാവി ലാറകൊപ്പം പരിക്കിൽ നിന്ന് തിരിച്ചെത്തുന്ന സെമീഗ് ദ്യൂട്ടി നിർണ്ണായകമാകും. ഒപ്പം മാർക്വീ താരം ഹെൾഡർ പോസ്റ്റികകൊപ്പം മുൻ മത്സരം കളിക്കാതിരുന്ന ഇയാൻ ഹ്യൂമിൻ്റെ മടങ്ങി വരവും അവർക്ക് വലിയ കരുത്താവും.

ഈ സീസണിൽ മുമ്പ് ഏറ്റ് മുട്ടിയപ്പോൾ ഓരോ ഗോൾ വീതമടിച്ച്‌ ഇരു ടീമുകളും സമനില വഴങ്ങിയിരുന്നു. ഇത് വരെ ആദ്യ സീസണിലെ സെമി ഫൈനൽ അടക്കം 7 മത്സരങ്ങളിൽ ഇരു ടീമുകളും പരസ്പരം ഏറ്റ് മുട്ടി. ഇതിൽ 4 എണ്ണം സമനിലയിൽ അവസാനിച്ചപ്പോൾ 3 എണ്ണത്തിൽ കൊൽക്കത്ത വിജയം കണ്ടു. വൈകിട്ട് 7 നു ഗോവ ഫണ്ടോര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്‌സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാം.

Advertisement