ആശ്വാസജയം തേടി ഗോവയും ചെന്നൈയും ഇന്ന് നേർക്ക്നേർ

- Advertisement -

കഴിഞ്ഞ സീസണിലെ ഫൈനൽ കളിച്ച ഇരു ടീമുകളും ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യമായി സെമി ഫൈനൽ കാണാതെ പുറത്തായി കഴിഞ്ഞു. അതിനാൽ തന്നെ ജയത്തോടെ തല ഉയർത്തി കളം വിടാനാവും ഇരു ടീമുകളും ഇന്നിറങ്ങുക. ഇന്ന് ജയിക്കാനായാലും ലീഗിലെ അവസാന സ്ഥാനത്താവും സീക്കോയുടെ ഗോവയുടെ സ്ഥാനം എന്നാലും നാട്ടിൽ ജയിക്കാനുറച്ചാവും അവരിറങ്ങുക. 13 കളികളിൽ 11 പോയിൻ്റുള്ള ഗോവ കഴിഞ്ഞ കളിയിൽ ഡൽഹിയോട് ഏറ്റ് വാങ്ങിയ 5 – 1 ൻ്റെ കനത്ത പരാജയം മറക്കാനാവും ഇന്ന് കളത്തിലിറങ്ങുക. നാട്ടിൽ ഇന്നേ വരെ ചെന്നൈയെ തോൽപ്പിക്കാനും അവർക്കായിട്ടില്ല.

ലക്ഷിമികാന്ത് കട്ടിമണിയോ സുഭാഷിഷ് റായ് ചൗധരിയോ ആവും ഗോളിൽ. പ്രതിരോധത്തിൽ കരുത്തരായ മാർക്വീ താരം ലൂസിയോ ക്യാപ്റ്റൻ ഗ്രിഗറി അർനോളിൻ എന്നിവർക്കൊപ്പം റാഫേൽ ദുമാസ് ഇറങ്ങും. മധ്യനിരയിൽ റിച്ചാർൽയ്സൺ, രാജു ഗയ്ദ്വാദ് എന്നിവർക്കൊപ്പം ജോഫ്ര, റോമിയോ ഫെർണാണ്ടസ് എന്നിവരുടെ പ്രകടനം നിർണ്ണായകമാവും. ഭേദപ്പെട്ട പ്രകടനം നടത്തുന്ന റാഫേൽ കോഹ്ലോക്കൊപ്പം റോബിൻ സിങ് ആവും മുന്നേറ്റത്തിൽ ഇറങ്ങാൻ സാധ്യത.

കഴിഞ്ഞ കളിയിൽ നോർത്ത് ഈസ്റ്റിനെതിരെ ഇഞ്ച്വറി സമയത്തെ അവസാന നിമിഷം വഴങ്ങിയ ഗോൾ തുടർച്ചയായ മൂന്നാം സൂപ്പർ ലീഗ് സെമി ഫൈനൽ എന്ന ചെന്നൈയുടെ സ്വപ്നമാണ് തകർത്തത്. അതിനാൽ തന്നെ അവസാന മത്സരം ഗോവക്കെതിരെ ജയിച്ച് അഭിമാനത്തോടെ സീസണോട് വിട പറയാനാവും ചെന്നൈ ശ്രമം. 13 കളികളിൽ നിന്ന് 15 പോയിന്റുള്ള ചെന്നൈക്ക് മറ്റ് മത്സര ഫലങ്ങൾ തങ്ങൾക്കനുകൂലമാകുന്നെങ്കിൽ ഇന്നത്തെ വിജയത്തോടെ അഞ്ചാം സ്ഥാനത്തേക്കെത്താൻ സാധിക്കും. ഗോവക്കെതിരെ മികച്ച റെക്കോർഡുള്ള അവർ അതിന് തന്നെയാവും ശ്രമിക്കുക.

കരൺജിത്ത് സിങ് തന്നെയാവും ഗോൾ വല കാക്കുക. മുൻ മത്സരങ്ങളെ പോലെ ബെർണാഡ് മെൻ്റി പുറത്തിരുന്നാൽ എലി സാബിയ, ജോൺ ആർനെ റൈസ്, ജെറി എന്നിവർക്കൊപ്പം വാഡു എന്നിവരാവും പ്രതിരോധത്തിൽ. സീസണിൽ മികവ് പുലർത്തിയ റാഫേൽ അഗസ്തോ, ഹാൻസ് മുൾഡർ, ജയേഷ് റാണ എന്നിവരാവും മധ്യനിരയിൽ. മുൻ മത്സരത്തിൽ ഹാട്രിക് നേടിയ ഡുഡുവിനൊപ്പം സുചി ആവും മുന്നേറ്റത്തിൽ ഇറങ്ങുക.

കഴിഞ്ഞ സീസണിലെ ഫൈനൽ അടക്കം ഏറ്റ് മുട്ടിയ 6 കളികളിൽ 4 എണ്ണത്തിലും ചെന്നൈക്കായിരുന്നു വിജയം, 2 മത്സരങ്ങൾ ഗോവയും ജയം കണ്ടു. ആദ്യ പാദത്തിൽ ചെന്നൈയിലും ജയം ചെന്നൈക്കൊപ്പമായിരുന്നു. മൂന്ന് സീസണിലും ടീമിനൊപ്പം നിന്ന സീക്കോ, മറ്റരാസി എന്നീ പരിശീലകർ ഈ സീസണു ശേഷം ടീമിനൊപ്പം തുടരുമോ എന്നുറപ്പില്ലാത്തതിനാൽ ചിലപ്പോൾ ഇത് അവരുടെ വിടവാങ്ങൽ മത്സരമാവാനും സാധ്യതയുണ്ട്. വൈകിട്ട് 7 മണിക്ക് ഫണ്ടോര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ്, ഏഷ്യാനെറ്റ് മൂവീസ്, ഹോട്സ്റ്റാർ എന്നിവയിൽ തൽസമയം കാണാവുന്നതാണ്.

Advertisement