മുൻ ചെൽസി പരിശീലകൻ അവ്റാം ഗ്രാന്റ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ചെൽസി പരിശീലകനും ഘാന ദേശീയ ടീമിന്റെ പരിശീലകനുമായിരുന്ന അവ്റാം ഗ്രാന്റ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ. ടീമിന്റെ ടെക്നിക്കൽ അഡ്വൈസർ എന്ന നിലയിലാണ് ഗ്രാന്റ് നോർത്ത് ഈസ്റ്റിൽ എത്തിയതെങ്കിലും ഈ സീസണിന്റെ അവസാനം വരെ ടീമിന്റെ പരിശീലകനായി തുടരും. ഐ.എസ്.എല്ലിലെ മോശം പ്രകടനത്തിന്റെ പേരിൽ നോർത്ത് ഈസ്റ്റ് കോച്ച് ആയിരുന്ന ജാവോ ഡി ഡിയസിനെ കഴിഞ്ഞ ദിവസം ക്ലബ് പുറത്താക്കിയിരുന്നു. 7 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ 9ആം സ്ഥാനത്തായതാണ് കോച്ചിന്റെ പുറത്താക്കലിന് കാരണമായത്.

ചെൽസിയെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച വ്യക്തിയാണ് അവ്റാം ഗ്രാന്റ്. 2008ലെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ചെൽസി മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് തോൽക്കുകയായിരുന്നു. 2008 സീസണിൽ മൗറിഞ്ഞോയെ ചെൽസി പുറത്താക്കിയതിന്  പിന്നാലെയാണ് അവ്റാം ഗ്രാന്റ് ചെൽസിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

ചെൽസി വിട്ടതിനു ശേഷം ഗ്രാന്റ് പോർട്സ്‌മൗത്തിന്റെ പരിശീലകനാവുകയും അവരെ എഫ്.എ കപ്പിന്റെ ഫൈനലിൽ എത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആഫ്രിക്കൻ ടീമായ ഘാനയുടെ പരിശീലകനായിരുന്ന ഗ്രാന്റ് 2015ലെ ആഫ്രിക കപ്പ്  നാഷൻസിൽ ഫൈനലിൽ ഘാനയെ എത്തിക്കുകയും ചെയ്തിരുന്നു. ഫൈനലിൽ ഐവറി കോസ്റ്റിനോട് ഘാന തോൽക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial