ഫോര്‍ലാന് ഹാട്രിക്, മുംബൈ ഒന്നാമത്

- Advertisement -

ഫോര്‍ലാന്‍ ഹാട്രിക്കില്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് 19 പോയിന്റുകളുമായി മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമത്. ആദ്യ പകുതിയില്‍ ഫോര്‍ലാന്‍ നേടിയ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ മുംബൈ 2-0 നു മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ഹാട്രിക് തികച്ച ഫോര്‍ലാനൊപ്പം കഫു, ലൂസിയാന്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ 5-0 ന്റെ വിജയം മുംബൈ സിറ്റി സ്വന്തമാക്കുകയായിരുന്നു.

ഗോള്‍മുഖത്തേയ്ക്കുള്ള ആദ്യ ശ്രമം കേരളത്തിന്റെ ഭാഗത്ത് നിന്നായിരുന്നെങ്കിലും ആതിഥേയരാണ് അഞ്ചാം മിനുട്ടില്‍ ലീഡ് നേടിയത്. 14ാം മിനുട്ടില്‍ ഫ്രീകിക്കിലൂടെ ഫോര്‍ലാന്‍ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. പകുതി അവസാനിക്കുന്നതിനു അഞ്ച് മിനുട്ട് മുമ്പ് ബോറിസ് കാഡിയോയുടെ ശ്രമം ക്രോസ്ബാറിനു ചെറിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയത് മാത്രമാണ് ആദ്യ പകുതിയില്‍ കേരളത്തിന്റെ മികച്ച അവസരമെന്ന് പറയാനാകുമായിരുന്നത്.

രണ്ടാം പകുതിയില്‍ ടൂര്‍ണമെന്റില്‍ ആദ്യമായി കേരളത്തിനു വേണ്ടി ഇറങ്ങുവാനുള്ള അവസരം തോംഗ്കോസിയം ഹൊകിപ്പിനു കോച്ച് കോപ്പല്‍ നല്‍കി. ഗോള്‍ ഉയര്‍ത്തുവാനുള്ള ശ്രമവുമായി മുംബൈ നിരന്തരം കേരളത്തിന്റെ ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ടുവെങ്കിലും ഗോള്‍ ഒഴിഞ്ഞു നിന്നു. 63ാം മിനുട്ടില്‍ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി ഫോര്‍ലാന്‍ മുംബൈയുടെ വിജയം ഉറപ്പാക്കി. 79ാം മിനുട്ടില്‍ കഫുവിലൂടെ മുംബൈ തങ്ങളുടെ നാലാമത്തെ ഗോള്‍ കണ്ടെത്തിയപ്പോള്‍ 73ാം മിനുട്ടില്‍ ലൂസിയാന്‍ ഗോയിനിലൂടെ മുംബൈ പട്ടിക പൂര്‍ത്തിയാക്കി. പേരുകേട്ട ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പാടെ തകര്‍ത്തൊരു പ്രകടനമാണ് മുംബൈ പുറത്തെടുത്തത്. മൂന്ന് മത്സരങ്ങള്‍ മാത്രം അവശേഷിക്കേ ഈ മത്സരഫലം കേരളത്തിന്റെ പ്രതീക്ഷകളെയും ആത്മവിശ്വാസത്തെയും ഏത് തരത്തിലാണ് ബാധിക്കുന്നതെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.

ഹീറോ ഓഫ് ദി മാച്ചായി ഡീഗോ ഫോര്‍ലാനെ തിരഞ്ഞെടുത്തു.

Advertisement