മികച്ച തുടക്കം നിലനിർത്താൻ മുംബൈയും ജയിച്ച് തുടങ്ങാൻ ഗോവയും

- Advertisement -

ഭേദപ്പെട്ട തുടക്കമാണ് മുംബൈക്ക് ഈ ഐഎസ്എല്‍ സീസണിൽ ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച അവർക്ക് പക്ഷെ അതിന് ശേഷം വിജയിക്കാനായിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ 3-3 ൻ്റെ ആവേശകരമായ സമനിലയാണ് ഡൽഹിക്കെതിരെ വഴങ്ങിയത്. മുന്നേറ്റനിരയിൽ ഫോർലാൻ്റെ അഭാവത്തിൽ ഗോൾ കണ്ടത്താൻ ആളില്ലാത്തതാണവരെ അലട്ടുന്ന വിഷയം. ബ്ലാഗ്ലൂർ എഫ്.സിയുടെ എ.എഫ്.സി കപ്പ് ഫൈനൽ പ്രവേശത്തോടെ സുനിൽ ഛേത്രി അടക്കമുള്ളവരെ സേവനം ഇനിയും ടീമിന് നഷ്ടമാവും.

എന്നാൽ പരിക്കിൽ നിന്ന് ഡീഗോ ഫോർലാൻ തിരിച്ചെത്തുന്നത് ടീമിന് വലിയ കരുത്താവും. ഫോർലാൻ്റെ അഭാവത്തിൽ കളിച്ച ഒറ്റ മത്സരവും ജയിക്കാൻ മുംബൈയ്ക്ക് ആയിരുന്നില്ല. വാൾപാറ്റോ തന്നെയാവും ഗോളിൽ. എന്നാൽ ഇന്ത്യൻ താരം അൻവർ അലിയുടെ പരിക്ക് ടീമിന് വലിയ പ്രശ്നമുണ്ടാക്കും. മധ്യനിരയിൽ ലിയോ കോസ്റ്റക്കേറ്റ പരിക്കും അവരെ അലട്ടുന്നു. ഡെഫെഡെറികോക്ക് ആവും മധ്യനിരയുടെ പ്രധാന ചുമതല. സോണി നോർദ, ഹോകിപിൻ എന്നവർ ഫോർലാനു പിന്തുണ നൽകും. സെനെ റാൾറ്റെ ടീമിൽ തുടരാൻ തന്നെയാണ് സാധ്യത. വിജയം തന്നെയാവും ഫോർലാനും സംഘവും ലക്ഷ്യം വക്കുക.

ആശങ്കകളോടെയാവും സീക്കോയുടെ ഗോവ ഈ മത്സരത്തെ സമീപിക്കുക. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നേ വരെ ഒരു ടീം പോലും ആദ്യ 5 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയമറിയാതെ പോയിട്ടില്ല. ആ റെക്കോർഡ് ഒഴിവാക്കാനാവും അവർ ശ്രമിക്കുക. കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയ ഒരു പോയിൻറ് മാത്രമാണ് ഗോവയുടെ ഇത് വരെയുള്ള ഏക സമ്പാദ്യം. എന്നാൽ 2014 ലിൽ സമാനമായ തുടക്കത്തിന് ശേഷം സെമി ഫൈനലിൽ ടീമിനെ എത്തിച്ച പരിചയം സീക്കോയിക്കുണ്ട്, അത് ഇത്തവണയും ആവർത്തിക്കുമെന്ന് ഗോവ ആരാധകർ കരുതുന്നുന്നു. എന്നാൽ ടീം അത്ര ശക്തമല്ല എന്നത് അവർക്ക് ആശങ്ക പകരുന്നു. കഴിഞ്ഞ മത്സരശേഷം ഐ.എസ്.എലിലെ റഫറിയിങ്ങിനെതിരെ രൂക്ഷ വിമർശനമാണ് സീക്കോ നടത്തിയത്.

കട്ടിമണി ഗോളിലും ലൂസിയോ പ്രതിരോധത്തിലും കാവൽ നിൽക്കുന്ന ഗോവൻ ടീം കഴിഞ്ഞ 4 മത്സരങ്ങളിലായി 7 ഗോളുകളാണ് വഴങ്ങിയത്. ഈ പ്രതിരോധം തന്നെയാണ് ടീമിൻ്റെ പ്രധാന പ്രശ്നം. മധ്യനിരയിൽ ജോഫ്രിയെ അമിതമായി ആശ്രയിക്കുന്ന ടീം റോമിയോ ഫെർണാണ്ടസിനെ പോലുള്ള ഇന്ത്യൻ താരങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു. ഇത് വരെ 2 ഗോളുകൾ മാത്രം കണ്ടെത്താനായ മുന്നേറ്റത്തിലേക്ക് മുൻ മത്സരത്തിൽ റോബിൻ സിങ് തിരിച്ചെത്തിയത് സീക്കോക്ക് ആശ്വാസം പകരുന്നു. റോബിൻ സിങിനൊപ്പം ബ്രസീലിയൻ താരം റെയ്നോൾഡോയും അടങ്ങിയ മുന്നേറ്റത്തിന് ഗോളുകൾ കണ്ടത്താനാവും. എന്നാൽ മുംബൈ പ്രതിരോധത്തെ ഇവർക്ക് ഭേദിക്കാനാവുമോ എന്ന് കണ്ടറിയാം.

കഴിഞ്ഞ സീസണിൽ ഗോവയിൽ പരസ്പരം ഏറ്റ് മുട്ടിയപ്പോൾ ഗോവയെ 7-0 ത്തിനാണ് മുംബൈ തകർത്ത് വിട്ടത്. ആ കറുത്ത ഓർമ്മകൾ സീക്കോയുടേതും ടീമിൻ്റേയും മനസ്സിൽ ഇപ്പോഴുമുണ്ട്. അത് ആവർത്തിക്കാതെ വിജയവഴിയിലേക്കൊരു തിരിച്ച് വരവാവും ഗോവയുടെ ലക്ഷ്യം. വൈകിട്ട് 7 മണിക്ക് മുംബൈയിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാം.

Advertisement