കോച്ചിനെ ബാൻ ചെയ്തതിനെതിരെ ആഞ്ഞടിച്ച് പൂനെ സിറ്റി ആരാധകർ

എഫ്‌സി പൂനെ സിറ്റിയുടെ ആരാധകരുടെ കൂട്ടായ്മയായ ഓറഞ്ച് ആർമി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യൻ സൂപ്പർ ലീഗിലെ പൂനെ സിറ്റി – എഫ്‌സി ഗോവ മത്സരത്തിലെ മോശം റെഫെറിയിങ്ങിനെതിരെ ശക്തമായ രീതിയിൽ പൂനെ സിറ്റി കോച്ച് റാങ്കോ പൊപോവിക് പ്രതികരിച്ചിരുന്നു. ഒട്ടേറെ തെറ്റായ തീരുമാനങ്ങൾ മത്സരത്തിൽ എടുത്ത റെഫെറിയിങ് സ്റ്റാഫിനെ പരുഷമായ രീതിയിൽ പൂനെ സിറ്റി കോച്ച് വിമർശിച്ചിരുന്നു. ഇതിനെ തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അദ്ദേഹത്തിനെ നാലു മാച്ചുകളിൽ നിന്നും വിലക്കി.ഇതിനെതിരെയാണ് പൂനെ സിറ്റി ആരാധകരുടെ കൂട്ടായ്മ രംഗത്തെത്തിയിരിക്കുന്നത്.

എഫ്‌സി ഗോവയ്‌ക്കെതിരെയുള്ള മത്സരത്തിൽ പൂനെ സിറ്റി ജയിച്ചെങ്കിലും ഒട്ടേറെ തെറ്റായ റെഫെറിയിങ് തീരുമാനങ്ങൾ പൂനെയ്ക്കെതിരെ ഉണ്ടായിരുന്നു. ഇതാണ് പൂനെ സിറ്റിയുടെ കോച്ചിനെ പരുഷമായ രീതിയിൽ പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. 21 മത്സരങ്ങൾ മാത്രമുള്ള ലീഗിൽ നാല് മത്സരങ്ങളിലെ ബാൻ പൂനെ സിറ്റിയെ പ്രതികൂലമായി ബാധിക്കും. ബ്ലാസ്റ്റേഴ്‌സിനെതിരെയും ചെന്നെയിൻ എഫ്‌സിക്കെതിരെയും ATK ക്ക് എതിരെയും ജെംഷദ്പൂരിനെതിരെയുമാണ് കോച്ചിന് നഷ്ടമാകുന്ന മത്സരങ്ങൾ. അവസാന മത്സരം ജനുവരി 24 നാണ്. ഒരു മാസത്തോളമാണ് പൂനെ സിറ്റിയുടെ കോച്ച് മാറി നിൽക്കേണ്ടി വരിക. ഇത്രയ്ക്ക് കടുത്ത ശിക്ഷ പാടില്ലെന്നാണ് ഓറഞ്ച് ആർമിയുടെയും ഫുട്ബോൾ ആരാധകരുടെയും ആവശ്യം.

ഇന്ത്യൻ സൂപ്പർ ലീഗിലെ റെഫെറിയിങ് ക്വാളിറ്റി ഓരോ മത്സരങ്ങൾ കഴിയുമ്പോളും മോശമായിക്കൊണ്ടിരിക്കുകയാണ്. താരങ്ങളും ആരാധകരും ഒരു പോലെ റെഫെറിയിങ്ങിനെ വിമർശിക്കുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മത്സരശേഷം റഫറിക്ക് കണ്ണട വാങ്ങിക്കൊടുക്കാൻ നിർദ്ദേശിച്ച സികെ വിനീതിനെ ഐഎസ്എൽ ആരാധകർ മറന്നു കാണില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ റെഫെറിയിങ് ക്വാളിറ്റി മെച്ചപ്പെടുത്തേണ്ടത് ഇന്ത്യൻ ഫുട്ബോളിന്റെ ആവശ്യമാണ്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്ക് കുറയ്ക്കാൻ സാധ്യത വളരെ കുറവാണ്. ഒരു മാസം കോച്ച് മാറിനിൽക്കുന്നത് പൂനെ സിറ്റിയെ ഏത് തരത്തിൽ ബാധിക്കുമെന്ന് കാത്തിരുന്നു കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial