Screenshot 20231025 220948 X

ഉരുക്കു കോട്ടയായി ഗുർപ്രീത്; സമനിലയിൽ പിരിഞ്ഞ് എഫ്സി ഗോവയും ബെംഗളൂരുവും

കളം നിറഞ്ഞു കളിച്ച ഗോവൻ പടക്ക് മുൻപിൽ കോട്ട കെട്ടി ഗുർപ്രീത് സിങ് സന്ധു നിന്നതോടെ എഫ്സി ഗോവക്ക് സീസണിലെ ആദ്യ സമനില സമ്മാനിച്ച് ബെംഗളൂരു എഫ്സി. ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ഗോൾ രഹിതമായി ടീമുകൾ പിരിയുകയായിരുന്നു. നേരത്തെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഗോവക്ക് ഇതോടെ ഒന്നാം സ്ഥാനവും ഭീഷണിയിൽ ആയി. ഒരു ജയം മാത്രം നേടിയിട്ടുള്ള ബെംഗളൂരു ഒൻപതാം സ്ഥാനത്താണ്.

ഗോവക്ക് ആയിരുന്നു ആദ്യ പകുതിയിൽ കൃത്യമായ മുൻതൂക്കം. ബെംഗളൂരു മുന്നേറ്റങ്ങൾക്ക് മൈതാന മധ്യത്തിൽ തന്നെ തടയിട്ട് കൊണ്ട് ഗോവ നടത്തിയ മുന്നേറ്റങ്ങൾ പലപ്പോഴും കീപ്പർ ഗുർപ്രീതിന്റെ മികവ് കൊണ്ട് മാത്രമാണ് ബെംഗളൂരു തടഞ്ഞത്. ഫ്രീകിക്കിൽ നിന്നും കാർലോസ് മർട്ടിനസിന്റെ തുറന്ന അവസരം തടഞ്ഞ ഗുർപ്രീത് ജയ് ഗുപ്തയുടെ ശക്തമായ ഷോട്ടും തട്ടിയകറ്റി. ബെംഗളൂരുവിന് ലഭിച്ച അവസരങ്ങളിൽ ദാനുവിന്റെ ക്രോസിൽ ഛേത്രിയുടെ ഹെഡർ ശ്രമം പിഴച്ചു. അഞ്ചോളം സേവുകൾ ആണ് ഗുർപ്രീത് ആദ്യ പകുതിയിൽ മാത്രം നടത്തിയത്.

രണ്ടാം പകുതിയിൽ ബെംഗളൂരു ചില അവസരങ്ങൾ തുറന്നെടുത്തു. 51ആം മിനിറ്റിൽ ബോക്സിനുള്ളിൽ രോഹിതിന്റെ കനത്ത ഷോട്ട് കീപ്പർ ആർശ്ദീപ് തടഞ്ഞപ്പോൾ പിറകെ ലഭിച്ച അവസരവും ദാനുവിന് മുതലെടുക്കാൻ ആയില്ല. വിക്റ്റർ റോഡ്രിഗ്വസിന് ലഭിച്ച സുവർണാവസരം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. കോർണറിൽ നിന്നും ജയ് ഗുപ്‌തയുടെ ഹെഡർ ഗുർപ്രീത് കൈക്കലാക്കി. ഇഞ്ചുറി ടൈമിൽ ജയ് ഗുപ്‌തയുടെ ക്രോസിൽ വിക്ടറിന് പന്ത് നിയന്ത്രിക്കാൻ സാധിക്കാതെ പോയത് തിരിച്ചടി ആയി. മത്സരത്തിൽ പത്തോളം കോർണർ ആണ് ഗോവ നേടിയെടുത്തത്. ഇരുപതോളം ഷോട്ടുകളും അവർ ഉതിർത്തെങ്കിലും ഫിനിഷിങിലെ പിഴവുകളും കീപ്പർ ഗുർപ്രീതിന്റെ കരങ്ങളും അവർക്ക് തിരിച്ചടി ആയി. അഞ്ചോളം ഷോട്ടുകളും ടാക്കിളുമായി ഗോവൻ നിരയിൽ തിളങ്ങിയ ജെയ് ഗുപ്തയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

Exit mobile version