ചെന്നൈയുടെ തട്ടകത്തിൽ ഗോവൻ ചിരി!!

- Advertisement -

ഐ എസ് എല്ലിലെ ഗോൾ ക്ഷാമത്തിന് അഞ്ചു  ഗോൾ ത്രില്ലറോടെ അവസാനം.  ചെന്നൈയിൽ നടന്ന മത്സരത്തിൽ ചെന്നൈയിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്  എഫ് സി ഗോവ പരാജയപ്പെടുത്തുക ആയിരുന്നു. ഒരു ഘട്ടത്തിൽ മൂന്നു ഗോളിന് പിറകിൽ നിന്ന ചെന്നൈ രണ്ടാം പകുതിയിൽ വൻ തിരിച്ചുവരവാണ് നടത്തിയത്.

ചെന്നൈയിൻ മുന്നേറ്റങ്ങളിലൂടെ ആയിരുന്നു മത്സരം തുടങ്ങിയത്. എന്നാൽ 25ആം മിനുട്ടിൽ എഫ് സി ഗോവയുടെ ഒരു ഗംഭീര കൗണ്ടർ അറ്റാക്കിനൊടുവിൽ കോറോ ഐ എസ് എൽ സീസണിലെ ആദ്യ ഗോൾ നേടി. ബ്രണ്ടൻ ഫെർണാണ്ടസിന്റെ ഗംഭീര അസിസ്റ്റിൽ നിന്നായിരുന്നു കോറോയുടെ ഗോൾ‌. 29ആം മിനുട്ടിൽ മറ്റൊരു കൗണ്ടർ അറ്റാക്കിലൂടെ എഫ് സി ഗോവ രണ്ടാം ഗോളും നേടി. കരൺജിത് സിംഗിന്റെ ഇരട്ട സേവുകൾക്ക് ശേഷം ഒരു ലോബിലൂടെ ലാൻസറോട്ടയാണ് രണ്ടാം ഗോൾ കണ്ടെത്തിയത്.

39ആം മിനുട്ടിൽ ഗോവൻ പടയുടെ മൂന്നാം കൗണ്ടർ അറ്റാക്ക് പിറന്നു. ആ കൗണ്ടറിനു മുന്നിലും ചെന്നൈ ഡിഫൻസ് തകർന്നു. ഗോവൻ വിംഗർ മന്ദർ റാവു ദേശായി ആണ് ആ കൗണ്ടറിന്റെ അവസാനം ഫിനിഷുമായി എത്തിയത്.

ആദ്യ പകുതിയിൽ തന്നെ എഫ് സി ഗോവ ജയം സ്വന്തമാക്കി എന്നു കരുതി എങ്കിലും ഹാഫ് ടൈമിനു ശേഷം മറ്റൊരു ചെന്നൈയിൻ എഫ് സിയെ ആണ് കണ്ടത്. നെൽസണേയും ബിക്രം ജിതിനേയും രണ്ടാം പകുതിയുടെ തുടക്കത്തിൽ കളത്തിൽ എത്തിച്ച ചെന്നൈ ആദ്യ നിമിഷങ്ങളിൽ തന്നെ രണ്ട് തവണ ഗോളിനടുത്ത് എത്തി. രണ്ട് തവണയും ക്രോസ് ബാർ വില്ലനായി.

70ആം മിനുട്ടിൽ ഗോവൻ ഗോൾ കീപ്പർ കട്ടിമണിയുടെ ഒരു അബദ്ധം ചെന്നൈയെ കളിയിലേക്ക് തിരിച്ചുകൊണ്ട് വന്ന്. ഇനിഗോയുടെ ഫ്രീകിക്ക് കട്ടിമണിയുടെ വലിയ പിഴവ് കാരണം വലയിൽ എത്തുക ആയിരുന്നു. 83ആം മിനുട്ടിൽ കട്ടിമണി ജെജെയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൾട്ടി റാഫേൽ ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ സ്കോർ 2-3.

അവസാന നിമിഷം വരെ‌ ചെന്നൈയിൻ സമനില ഗോളിനായി ശ്രമിച്ചു എങ്കിലും ഗോൾ പിറന്നില്ല. പരാജയപ്പെട്ടു എങ്കിലും രണ്ടാം പകുതിയിൽ നടത്തിയ തിരിച്ചുവരവ് ചെന്നൈയിന് ആശ്വാസമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement