കേരള ബ്ലാസ്റ്റേഴ്സിന്റെ മരണമാസ്സ്‌ തിരിച്ചുവരവും മറികടന്ന് ഗോവക്ക് ജയം

Photo: ISL

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ തിരിച്ചുവരവും മറികടന്ന് ഗോവക്ക് ജയം. മൂന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എഫ്.സി ഗോവ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത്.  ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിറകിൽ നിന്നതിന് ശേഷം രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ജയം സ്വന്തമാക്കുമെന്ന് കരുതിയിരുന്നു. എന്നാൽ 83ആം മിനുട്ടിൽ ഹ്യൂഗോ ബൗമൗസ് തന്റെ രണ്ടാമത്തെ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകർക്കുകയായിരുന്നു. ഇന്നത്തെ തോൽവി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ്.

ആദ്യ പകുതിയിൽ ബൗമൗസിന്റെയും മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ജാക്കി ചന്ദ്സിംഗിന്റെയും ഗോളുകളിലാണ് ഗോവ  മുൻപിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ പുതിയ ടീമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യം മെസ്സിയിലൂടെയും തുടർന്ന് ഓഗ്‌ബെച്ചേയിലൂടെയും ഗോളുകൾ നേടി മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ മൂന്ന് പോയിന്റ് സ്വന്തമാക്കുമെന്ന് തോന്നിക്കുകയും ചെയ്തിരുന്നു. സഹലിന്റെ മികച്ച ഒരു ഷോട്ട് ഈ സമയത്ത് പോസ്റ്റിന് തൊട്ടുരുമ്മി പുറത്തു പോയതും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. തുടർന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകർക്കുന്ന ഗോൾ ബൗമൗസ് നേടിയത്.