താരങ്ങളെ വേട്ടയാടിയാൽ തീരുമോ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ

കളിക്കാരെ തെറി പറഞ്ഞ് പരാജയഭാരം തീർക്കുന്നത് ഫുട്ബോളിൽ ഇതാദ്യമല്ല. സാക്ഷാൽ മെസ്സി വരെ കേട്ടതാണ്‌‌. പക്ഷെ അതൊരു പരിഹാരമാണോ? കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നലത്തെ പരാജയത്തിൽ എല്ലാ ആരാധകരും നിരാശയിലാണ്. പക്ഷെ ചില ആരാധകർ ആ നിരാശ താരങ്ങളുടെ മെക്കിട്ട് കയറിയാണ് തീർക്കാൻ തുനിഞ്ഞിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഇഷ്ഫാഖ് അഹമ്മദും മറ്റും ആണ് തെറി കേട്ടിരുന്നതെങ്കിൽ ഇത്തവണ അതിൽ കൂടുതലും വരുന്നത് സി കെ വിനീതിന്റെ നേർക്കാണ്.

സി കെയ്ക്ക് സ്ഥിരത കൈവരിക്കാൻ കഴിയാതിരുന്ന സീസൺ ആണ് ഇത് എന്നത് അംഗീകരിക്കാം. തീർച്ചയായും വിമർശനങ്ങളും ആകാം. പക്ഷെ സി കെ വിനീതിന്റെ വീട്ടുകാരുടേയും ജനച്ച് ദിവസങ്ങളാകാത്ത കുട്ടിയുടേയും ഒക്കെ മേലെ തങ്ങളുടെ നിരാശ തീർക്കാൻ മാത്രം എന്തിനാണ് ആരാധകർ എന്ന പട്ടം കെട്ടി നിങ്ങൾ ഇറങ്ങുന്നത്. സി കെ വിനീത് എന്ന ഒറ്റ താരത്തിന്റെ മികവിൽ ഫൈനൽ വരെ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ചരിത്രം നൂറ്റാണ്ടുകൾക്ക് മുമ്പുള്ളതൊന്നുമല്ല എന്നാണ് ഓർമ്മ.

ഒരു താരത്തിനും എല്ലായിപ്പോഴും മികച്ചതായി തുടരാൻ കഴിയില്ല. പക്ഷെ തന്റെ 100 ശതമാനം താൻ നെഞ്ചത്ത് ചുമക്കുന്ന ക്രസ്റ്റിന് കൊടുക്കും എന്നതാണ് എന്നും സി കെ വിനീതിന്റെ മികവ്‌. അതാണ് കളിച്ച ക്ലബുകളിൽ ഒക്കെ സി കെ പ്രിയങ്കരനായതും. പരിക്കും ബ്ലാസ്റ്റേഴ്സിന്റെ ‘നിലവിലില്ലാത്ത’ മിഡ്ഫീൽഡും വെച്ചിട്ടും 4 ഗോളുകൾ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി വിനീത് നേടിയിരുന്നു. അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നു എന്നത് സത്യം തന്നെ. പക്ഷെ നിങ്ങളുടെ പ്രതീക്ഷകളിൽ എത്താത്തതിന് വീട്ടുകാരെ വിളിക്കലല്ല പ്രതിവിധി.

ഒരു താരത്തെ മോശം ഘട്ടങ്ങളിൽ പിന്തുണയ്ക്കാത്ത ആരാധകർ അവരുടെ നല്ല കാലം ആഘോഷിക്കാൻ അർഹതയുള്ളവരാണോ എന്ന ചോദ്യവും ഉയരുന്നു. സി കെയുൾപ്പെടെയുള്ള താരങ്ങളേക്കാൾ ആരാധകരുടെ കോപം ചെല്ലേണ്ടത് മാനേജ്മെന്റിലേക്കായിരുന്നു. ബെർബ മുതൽ പുൾഗ വരെയുള്ള സൈനിംഗുകളിലേക്കാണ്. മിഡ്ഫീൽഡറെ മറന്ന് ടീം ഒരുക്കിയത് ഏത് ഫുട്ബോൾ തന്ത്രമാണ് എന്നു അന്വേഷിക്കുകയാണ് വേണ്ടത്. കഴിഞ്ഞ സീസണിൽ ലെഫ്റ്റ് ബാക്കിനെ മറന്നു, ഈ സീസണിൽ മിഡ്ഫീൽഡറെ.. ഒരു പ്രൊഫഷണൽ ക്ലബിന്റെ അവസ്ഥയാണിത്.

എവിടെയും എന്തും സഹിച്ച് മഞ്ഞ ജേഴിയും അണിഞ്ഞ് ആരാധകർ എത്തും എന്നും തങ്ങളുടെ ഫ്രാഞ്ചൈസിക്ക് അതുകൊണ്ട് തന്നെ മികച്ച തുകയ്ക്ക് സ്പോൺസേഴ്സിനെ കിട്ടും എന്നും ഉറപ്പുള്ള മാനേജ്മെന്റിന് മിഡ്ഫീൽഡിൽ ആരുണ്ടായാൽ എന്ത്, താരങ്ങൾ ചീത്ത കേട്ടാലെന്ത്, ആരാധകർ നിരാശയിലായാൽ എന്ത്.

ആരാധകർ എണ്ണത്തിൽ കൂടുതലായത് കൊണ്ട് തന്നെ സ്വന്തം കളിക്കാരെ വേട്ടയാടുന്ന രീതിയ്ക്ക് ഇവിടെ അവസാനം ഉണ്ടാകുമെന്ന് കരുതുന്നില്ല. തോളത്ത് കയറ്റി വെച്ചത് നിങ്ങളാണ് അതുകൊണ്ട് തന്നെ വിമർശിക്കാനും ആരാധകർക്ക് അധികാരമുണ്ട്. വീട്ടുകാരെ വിമർശനങ്ങളിലേക്ക് കൊണ്ടുവരാതിരിക്കുക. പിന്നെ ഇതേ സി കെ വിനീത് മാസങ്ങൾക്ക് മുന്നേ ബെംഗളൂരു ആരാധകരിൽ നിന്ന് അവരുടെ സ്റ്റേഡിയത്തിൽ കാണിയായി ചെന്നപ്പോൾ അപമാനിക്കപ്പെട്ടതും ചീത്ത് വിളി കേട്ടതും സികെയുടെയോ റിനോയുടെയോ മോശം പ്രവർത്തികൾക്കായിരുന്നില്ല, നിങ്ങൾ ആരാധകർക്ക് വേണ്ടി മാത്രമായിരുന്നു. അതൊക്കെ ഓർത്താൽ നന്ന്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial