മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറും ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നെന്ന് വെസ് ബ്രൗൺ

മാഞ്ചസ്റ്ററിൽ നിന്ന് കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം കൂടുകയാണ്. വെസ് ബ്രൗണിനു പിറകെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ പോൾ റഹുബ്കയും കേരളത്തിലേക്ക് എത്തും എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. പോൾ റഹുബ്കയുടെ കേരളത്തിലേക്കുള്ള വരവിനെ കുറിച്ച് സൂചന നൽകുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ആയ ഡിഫൻഡർ വെസ് ബ്രൗൺ തന്നെയാണ്.

മാഞ്ചസ്റ്റർ ഈവനിങ്ങ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് തന്റെ പഴയ കൂട്ടുകാരനായ പോൾ റഹുബ്കയും കേരളത്തിലേക്ക് വരുന്നുണ്ടെന്നും അത് തനിക്കും ഗുണം ചെയ്യുമെന്നും വെസ് ബ്രൗൺ പറഞ്ഞത്. 1997 മുതൽ 2002 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന താരമാണ് പോൾ. പക്ഷെ ഒരൊറ്റ മത്സരത്തിൽ മാത്രമെ പോൾ യുണൈറ്റഡ് വല കാത്തിട്ടുള്ളൂ. 2000തിൽ ബ്രസീലിൽ വെച്ച് നടന്ന ഫിഫ ക്ലബ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ആയിരുന്നു റഹുബ്കയുടെ അരങ്ങേറ്റം.

കേരള ബ്ലാസ്റ്റേഴ്സിൽ എത്തുകയാണെങ്കിൽ താരത്തിന്റെ കരിയറിലെ പതിനെട്ടാമത്തെ ക്ലബാകും ഇത്. ബ്ലാക്ക് പൂളിൽ ഒഴികെ മറ്റൊരു ക്ലബിലും കാര്യമായി ശോഭിക്കാൻ പോളിനായില്ല. ബ്ലാക്ക്പൂളിനു വേണ്ടി 110 മത്സരങ്ങളോളം കളിച്ചിട്ടുണ്ട്. 2007-08 സീസണിൽ ബ്ലാക്ക്പൂളിന്റെ പ്ലയർ ഓഫ് ദി സീസൺ ആയിരുന്നു താരം. ലീഡ്സ് യുണൈറ്റഡ്, ബോൾട്ടൻ വാൺഡറേസ്, ബേൺലി തുടങ്ങി നിരവധി ക്ലബുകളുടെ ഭാഗമായിട്ടുണ്ട്.

ഇംഗ്ലണ്ട് യുവ ടീമുകൾക്കായി ദേശീയ ടീമിനേയും റഹുബ്ക പ്രതിനിധീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് അണ്ടർ 16, അണ്ടർ 18, അണ്ടർ 20 ടീമുകളുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട് പോൾ റഹുബ്ക. 36കാരനായ താരത്തിന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവിൽ ആരാധകർ പൂർണ്ണ തൃപതരല്ല എങ്കിലും സൈനിങ്ങ് അനൗൺസ് ചെയ്താൽ മുഴുവൻ പിന്തുണയുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ ഉണ്ടാകും എന്നു തന്നെയാണ് കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial