
മറീന അറീനയിലെ 20,000 വരുന്ന കാണികള്‍ക്ക് ആഹ്ലാദം പകര്‍ന്ന് എഫ്സി പൂനെ സിറ്റിക്കെതിരെ ചെന്നൈയ്ക്ക് 2-0 നു വിജയം. പൂനെ സിറ്റി തങ്ങളുടെ എവേ മത്സരത്തിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ അഞ്ച് മത്സരങ്ങളുടെ വിജയമില്ലാത്ത അവസ്ഥ മറികടന്നാണ് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എളുപ്പത്തിലുള്ള വിജയം കൊയ്തത്. ജെജെ ആദ്യ പകുതിയില്‍ ചെന്നെയ്ക്കു വേണ്ടി ആദ്യ ഗോള്‍ നേടിയപ്പോള്‍ ഡേവിഡ് സുച്ചി രണ്ടാം പകുതിയില്‍ രണ്ടാം ഗോള്‍ നേടി. ജയത്തിലൂടെ ചെന്നൈ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
മത്സരം തുടങ്ങിയപ്പോള്‍ ഇരുടീമുകളും ആക്രമണം അഴിച്ചുവിട്ടുവെങ്കിലും മത്സരം പുരോഗമിച്ചപ്പോള്‍ ചെന്നൈ പൊസഷന്‍ മുഴുവന്‍ നിയന്ത്രിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഗോള്‍ ഒഴിഞ്ഞു നിന്നപ്പോള്‍ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ചപ്പോളാണ് 44ാം മിനുട്ടില്‍ ജെജെയിലൂടെ ചെന്നൈ ആദ്യ ഗോള്‍ നേടുന്നത്. ഏറെ വൈകാതെ ആദ്യ പകുതിയുടെ അവസാനം സൂചിപ്പിച്ചു റഫറി വിസിലൂതി.
രണ്ടാം പകുതിയില്‍ കഴിഞ്ഞ മത്സരത്തിലെ വിജയ ഗോള്‍ നേടിയ യൂജിന്സണ് ലിംഗ്ഡോയെ ഇറക്കി പൂനെ തിരിച്ചടിക്കാനുള്ള ശ്രമം തുടങ്ങി. പതിയെ മത്സരത്തിലേക്ക് പൂനെ തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം പകുതിയുടെ ആദ്യ കുറേ മിനുട്ടുകള്‍ ചെന്നൈയുടെ പകുതിയിലായിരുന്നു കളി മുഴുവനും. എന്നാല്‍ മത്സരഗതിക്ക് എതിരായി ചെന്നൈ തങ്ങളുടെ ലീഡ് വര്‍ദ്ധിപ്പിക്കുകയായിരുന്നു. റഫേല്‍ അഗസ്റ്റോയുടെ ക്രോസ് ഡേവിഡ് സുച്ചി ഗോള്‍ വലയിലേക്ക് ഹെഡ് ചെയ്ത് കയറ്റുകയായിരുന്നു. അവസാന നിമിഷങ്ങളില്‍ ഇരു ടീമുകളും കളിക്കാരില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും പിന്നീട് ഗോള്‍ നേടാന്‍ ആര്‍ക്കും സാധിച്ചില്ല.
റഫേല്‍ അഗസ്റ്റോയാണ് ഹീറോ ഓഫ് ദി മാച്ച്.