ഒന്നാം സ്ഥാനത്ത് തുടരാൻ ഡൽഹി ഇന്ന് കൊൽക്കത്തക്കെതിരെ

- Advertisement -

തുടർച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസവുമായാവും ഡൽഹി ഇന്ന് കൊൽക്കത്തയെ നേരിടാൻ ഇറങ്ങുക. ഒട്ടുമിക്ക താരങ്ങളും മികച്ച ഫോമിലായ ഡൽഹിക്ക് പ്രത്യേകിച്ച് ആശങ്കപ്പെടാൻ ഒന്നുമില്ല. 9 കളികളിൽ നിന്ന് 16 പോയിൻ്റുള്ള അവർ അതിനാൽ തന്നെ വിജയ കുതിപ്പ് തുടരാൻ ഉറച്ചാവും ഇറങ്ങുക. മികച്ച ഫോമിലുള്ള പ്രതിരോധവും ഗോളടിച്ച് കൂട്ടുന്ന മുന്നേറ്റവുമുള്ള ഡൽഹി ടീം കൊൽക്കത്തക്ക് വലിയ പ്രശ്നങ്ങളാവും ഉയർത്തുക.

മികച്ച ഫോമിലുള്ള മലയാളി താരം അനസും റൂബനുമടങ്ങിയ പ്രതിരോധം സൂപ്പർ ലീഗിലെ ഏത് എതിരാളികൾക്കും അത്ര എളുപ്പം മറികടക്കാവുന്ന ഒന്നല്ല. മിലാൻ സിങ്, മെമോ, ബ്രൂണോ പെലിസാരി എന്നിവർകൊപ്പം മാർക്വീ താരം മെലൂദയും അടങ്ങിയ മധ്യനിര സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ചതാണ്. മെലൂദ കഴിഞ്ഞ കളിയിൽ 2 ഗോളുകളും രണ്ട് അസിസ്റ്റും കണ്ടത്തി. മുന്നേറ്റത്തിൽ സ്വപ്നസമാനമായ ഫോമിലുള്ള മാർസലീനോ, നന്നായി കളിക്കുന്ന ഇന്ത്യൻ താരം ക്വീൻ ലൂയിസ് എന്നിവർകൊപ്പം റിച്ചാർഡ് ഗാഡ്സ കൂടി അടങ്ങിയ മുന്നേറ്റം കൊൽക്കത്തക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ്.

മറുവശത്ത് സൂപ്പർ ലീഗിലെ പ്രഥമ ചാമ്പ്യന്മാർ പഴയ കോച്ച് അൻ്റോണിയോ ഹെബ്ബാസിൻ്റെ പൂനെക്കെതിരെ വഴങ്ങിയ പരാജയത്തിൽ നിന്നാണ് ഈ മത്സരത്തിനെത്തുക. 8 കളികളിൽ നിന്ന് 12 പോയിന്റുള്ള അവർ ഇപ്പോൾ ലീഗിൽ 4 സ്ഥാനത്താണ്. വിജയം സെമി ഫൈനലിലേക്കുള്ള ദൂരം കുറക്കുമെന്നറിയാവുന്ന അവർ വിജയമാവും ലക്ഷ്യം വക്കുക. എന്നാൽ മികച്ച ഫോമിലുള്ള ഡൽഹിക്കെതിരെ അതത്ര എളുപ്പമാവില്ലെന്ന് ൊളീനോക്കറിയാം.

ടിറിയും, മണ്ഡലും അടങ്ങിയ പ്രതിരോധം കഴിഞ്ഞ കുറെ മത്സരങ്ങളിലായി അത്ര മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. അപകടകരമായ ഡൽഹി മുന്നേറ്റത്തിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കേണ്ട ആവശ്യകത അവർക്ക് നന്നായറിയാം. മധ്യനിരയിൽ ക്യാപ്റ്റൻ ബോജ ഫെർണാണ്ടസാവും കളി നിയന്ത്രിക്കുക. വിങുകളിൽ ജാവി ലാറ, സമീഗ് ദ്യൂട്ടി സഖ്യമാവും ഡൽഹിക്ക് കൂടുതൽ പ്രശ്നമുണ്ടാക്കുക. മുന്നേറ്റത്തിൽ പോസ്റ്റിക, ഹ്യൂം, ബെലൻസ്കോ തുടങ്ങിയവർ പ്രതീക്ഷക്കൊത്തുണരുന്നില്ല എന്നതാണ് കൊൽക്കത്തയുടെ വലിയ പ്രശ്നം. കൊൽക്കത്ത പ്രതിരോധവും ഡൽഹി മുന്നേറ്റവും തമ്മിലുള്ള മത്സരമാവും ഇത്.

ഇത് വരെ പരസ്പരം ഏറ്റ് മുട്ടിയതിൽ ഇരു ടീമുകളും ഓരോ വിജയം വീതം നേടിയപ്പോൾ 3 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. സെമി ഫൈനലിലേക്ക് കയ്യത്താവുന്ന അകലമാണെന്നറിയാവുന്ന ഡൽഹി വിജയം പിടിക്കാൻ തന്നെയാവും ശ്രമിക്കുക. വൈകിട്ട് 7 മണിക്ക് ഡൽഹിയിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാവുന്നതാണ്.

Advertisement