മരണപോരാട്ടത്തിന് നോർത്ത് ഈസ്റ്റ്, എതിരാളികൾ പൂനെ

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച തുടക്കത്തിന് ശേഷം നിറം മങ്ങിയ നോർത്ത് ഈസ്റ്റിനെയാണ് പിന്നീട് കണ്ടത്. അവസാനം കളിച്ച ആറു കളികളിൽ 4 എണ്ണത്തിലും തോൽവി വഴങ്ങിയ അവർക്ക് അതിനാൽ തന്നെ സ്വന്തം മണ്ണിലെ ഈ മത്സരം ജയിച്ചേ തീരൂ. ഇപ്പോൾ 7 സ്ഥാനത്തുള്ള അവർക്ക് 10 കളികളിൽ നിന്ന് 11 പോയിൻ്റാണ് ഉള്ളത്. ഇടക്ക് സസ്പെൻഷനിലൂടെയും പരിക്കിലൂടെയും പല താരങ്ങളേയും നഷ്ടമായതാണ് നോര്‍ത്ത് ഈസ്റ്റിനു വിനയായത്. സീസണിൽ മുമ്പ് ഏറ്റ് മുട്ടിയപ്പോൾ പൂനെയെ തോൽപ്പിക്കാനായതിൻ്റെ ആത്മവിശ്വാസവും നോർത്ത് ഈസ്റ്റിനുണ്ട്.

ഗോൾ വലക്ക് മുന്നിൽ വെല്ലിങ്ടൺ ഗോമസിനെ തന്നെ നോർത്ത് ഈസ്റ്റിന് ആശ്രയിക്കേണ്ടി വന്നേക്കും. സുബ്രത പാൽ, ടി.പി രഹനേഷ് എന്നിവർ തിരിച്ചെത്താനും സാധ്യതയുണ്ട്. പ്രതിരോധത്തിൻ്റെ പ്രധാന ചുമതല മാർക്വീ താരം ദിദിയർ സൊക്കോറക്കാവും. ഐവറികോസ്റ്റ് താരം റോമറിക്കാനൊപ്പം ജപ്പാൻ താരം കാത്സുമി യോസയും മികച്ച ഇന്ത്യൻ താരം ബോർഗമസും അടങ്ങുന്ന മധ്യനിര കടലാസിൽ മികച്ചതാണെങ്കിലും സമീപകാല ഫോം അത്ര മികച്ചതല്ല. മുന്നേറ്റത്തിൽ നിക്കോളാസ് വെലസ്, ഹോളിചരൺ നെർസാറി തുടങ്ങിയവർ മികച്ച താരങ്ങളാണ്. നോർത്ത് ഈസ്റ്റിൻ്റെ പ്രധാന പ്രതീക്ഷകൾ എമിലിയാനോ അൽഫാരയുടെ ബൂട്ടുകളിൽ തന്നെയാവും.

മറുവശത്ത് നോർത്ത് ഈസ്റ്റിനു നേർ വിപരീതമായ കഥയാണ് പൂനെക്ക് പറയാനുള്ളത്. ലീഗിലെ തന്നെ ഏറ്റവും മോശം തുടക്കം ലഭിച്ച അവർ ഫോം പതുക്കെ വീണ്ടെടുക്കുന്നതാണ് പിന്നീട് കണ്ടത്. അവസാനം കളിച്ച 3 ൽ രണ്ടെണ്ണത്തിലും വിജയം കണ്ട അവർ 11 കളികളിൽ നിന്ന് 15 പോയിന്റുമായി ലീഗിൽ ഇപ്പോൾ നാലാം സ്ഥാനത്താണ്. കഴിഞ്ഞ കളിയിൽ ഡൽഹിക്കെതിരെ നേടിയ 4-3 ൻ്റെ ആവേശകരമായ വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാവും അവർ ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങുക. ഇന്നടക്കം ഇനി കഠിനമായ അവേ മത്സരങ്ങളാണ് പൂനെയെ കാത്തിരിക്കുന്നത്. അതിനാൽ തന്നെ അൻ്റോണിയോ ഹെബ്ബാസ് വിജയത്തിൽ കുറഞ്ഞ ഒന്നും ഇന്ന് ലക്ഷ്യം വക്കുന്നില്ല.

ഐഡൽ തന്നെയാവും പൂനെയുടെ ഗോൾ വല കാക്കുക. പ്രതിരോധത്തിൽ നാരായൺ ദാസും രാഹുൽ ബെക്കെയും തുടങ്ങിയ ഇന്ത്യൻ താരങ്ങൾകൊപ്പം ഫെരേരക്കാവും പ്രതിരോധത്തിൻ്റെ ചുമതല. മധ്യനിരയിൽ നന്നായി കളിക്കുന്ന മാർക്വീ താരം മുഹമ്മദ് സിസോക്കോകൊപ്പം ലൂക്ക, ലെനി റോഡിഗ്രസ് തുടങ്ങിയ താരങ്ങളുമുണ്ട്. മുന്നേറ്റത്തിൽ മികച്ച ഫോമിലുള്ള അനിബാൽ റോഡിഗ്രസിനു കൂട്ടായി എൻഡോയ, ബാദ്ജി തുടങ്ങിയ താരങ്ങളുമുണ്ട്. മികച്ച ഫോമിലുള്ള പൂനെ മുന്നേറ്റവും മധ്യനിരയും നോർത്ത് ഈസ്റ്റിനെതിരെ മികച്ച വിജയമാവും ലക്ഷ്യം വക്കുക. പ്രതിരോധത്തിലെ കുറവുകൾ പൂനെ എങ്ങനെ മറികടക്കുമെന്നതാവും മത്സരഫലം നിർണ്ണയിക്കുക.

ഇത് വരെ ലീഗിൽ 5 പ്രാവശ്യം പരസ്പരം ഏറ്റ് മുട്ടിയതിൽ 2 എണ്ണത്തിൽ പൂനെയും നോർത്ത് ഈസ്റ്റും ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു. വൈകിട്ട് 7 മണിക്ക് ഗുവാഹത്തിയിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാവുന്നതാണ്.

Advertisement