ഇരട്ട ഗോളുമായി ദിമി; നോർത്ത് ഈസ്റ്റിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിൽ

Nihal Basheer

20230129 212215

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയ വഴിയിൽ. കഴിഞ്ഞ മത്സരങ്ങളിൽ നിർണായമായ പോയിന്റുകൾ കൈവിട്ട ടീമിന് ശക്തമായ തിരിച്ചു വരവ് നടത്താൻ ഈ മത്സരത്തിലൂടെ സാധിച്ചു. ടീം ടോപ്പ് സ്‌കോറർ ആയ ദിമിത്രിയോസ് ഇരട്ട ഗോളുകളുമായി തിളങ്ങി. വിജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനം നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സിനായി. നോർത്ത് ഈസ്റ്റിന്റെ സീസണിലെ പതിനാലാം തോൽവിയാണിത്.

ദിമി 212219

തുടർ തോൽവികളിൽ നിന്നും കരകയറാൻ ആക്രമണം തന്നെ ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. രണ്ടാം മിനിറ്റിൽ തന്നെ ബോക്സിലേക്ക് ഓടിക്കയറി ദിമിത്രിയോസ് തൊടുത്ത ഷോട്ട് അരിന്ദം ഭട്ടാചാര്യ തടുത്തു. പിന്നീട് എമിൽ ബെന്നിയുടെ ഷോട്ട് തടുത്തിട്ടപ്പോൾ വീണ് കിട്ടിയ അവസരം മുതലെടുക്കാൻ എംമ്പോമ്പൊക്കും സാധിച്ചില്ല. ബ്രൈസ് മിറാൻഡയുടെ പാസിൽ ലഭിച്ച മികച്ചൊരു അവസരം അപ്പൊസ്തലോസും പുറത്തേക്കടിച്ചു. മിറാൻഡയുടെ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ നോർത്ത് ഈസ്റ്റ് ഡിഫെൻസിന് പിഴച്ചപ്പോൾ ലഭിച്ച സുവർണാവസരം അഡ്രിയാൻ ലൂണക്കും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിക്കാതെ വന്നപ്പോൾ ആരാധകരെ പോലെ താരവും നിരാശനായി. എന്നാൽ അടിക്കടിയുണ്ടായ പിഴുവകൾക്ക് അറുതി വരുത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായി വല കുലുക്കുന്നതാണ് പിന്നീട് കണ്ടത്. ജെസലിന്റെ ത്രോ പിടിച്ചെടുത്തു മിറാൻഡ ബോക്സിലേക്ക് നൽകിയ ബോളിൽ ഹെഡർ ഉതിർത്ത് കൊണ്ട് ദിമിത്രിയോസ് ആദ്യ ഗോൾ കണ്ടെത്തി. നാൽപത്തിരണ്ടാം മിനിറ്റിലാണ് ഗോൾ വന്നത്. വെറും രണ്ടു മിനിറ്റിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ലീഡ് ഇരട്ടിയാക്കി. അഡ്രിയാൻ ലൂണയുടെ ത്രൂ ബാൽ ഓടിയെടുത്ത ദിമിത്രിയോസ് കീപ്പർ മാത്രം മുന്നിൽ നിൽക്കെ അനായാസം വല കുലുക്കി.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിന്റെ താളത്തിൽ വലിയ മാറ്റം ഒന്നും വന്നില്ല. പന്ത് കൂടുതൽ കൈവശം വെക്കാൻ ആയിരുന്നു ശ്രമം. അൻപതാം മിനിറ്റിൽ ദിമിത്രിയോസിന്റെ ശ്രമം പോസ്റ്റിനെ തൊട്ടിരുമി കടന്ന് പോയി. അപ്പോസ്തലോസിന്റെ ഷോട്ട് ഡിഫ്‌ളെക്റ്റ് ചെയ്തത് രാഹുൽ കെപിയിലേക്ക് എത്തിയപ്പോൾ താരത്തിന്റെ ശ്രമം കീപ്പറുടെ കൈകളിൽ അവസാനിച്ചു. പിന്നീട് നോർത്ത് ഈസ്റ്റിനായി ഗോൾ മടക്കാനുള്ള ഫിലിപോട്ടോക്സിന്റെ ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്നു. ബോകസിനുള്ളിൽ നിന്നും ക്ലിയർ ചെയ്യാനുള്ള ലൂണയുടെ ശ്രമം താരത്തിന്റെ കാലുകളിൽ എത്തുകയായിരുന്നു. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്തെത്തിക്കാൻ പക്ഷെ ഫിലിപോട്ടോക്സിനായില്ല. പിന്നീടും ഇരു ടീമിന്റെ ശ്രമങ്ങളും ലക്ഷ്യത്തിൽ എത്താതെ പോയതോടെ ആദ്യ പകുതിയുടെ അതേ സ്കോറിന് മത്സരം പിരിഞ്ഞു.