വീണ്ടും രാഹുൽ രാജുവിന് ഗോൾ, ബെംഗളൂരു എഫ് സിക്ക് വിജയവും

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ബെംഗളൂരു എഫ് സി റിസേർവ്സിന് രണ്ടാം വിജയം. ഇന്ന് എഫ് സി ഗോവയെ നേരിട്ട ബെംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. മലയാളി താരം രാഹുൽ രാജു ഇന്നും ഗോളുമായി തിളങ്ങിയത് കേരള ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകും. ആദ്യ മത്സരത്തിൽ റിയലൻസ് യങ് ചാമ്പ്സിനെതിരെ ഗോൾ നേടിയതിനാൽ ഇന്ന് രാഹുൽ ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയിരുന്നു.

മറ്റൊരു മലയാളി താരം ഷാരോൺ ഗോൾ വലയ്ക്ക് മുന്നിലായും ബെംഗളൂരുവിനായി ഇന്ന് ഇറങ്ങി‌‌. മത്സരത്തിന്റെ 11ആം മിനുട്ടിൽ ബെകെയ് ഓറത്തിന്റെ ഒരു ടാപിന്നിലൂടെ ബെംഗളൂരു എഫ് സി ലീഡ് എടുത്തു.

65ആം മിനുട്ടിൽ ഹൃത്വിക് തിവാരിയിലൂടെ ഗോവ സമനില കണ്ടെത്തി. പിന്നീടാണ് രാഹുൽ രക്ഷകനായത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആയിരുന്നു രാഹുലിന്റെ ഗോൾ. എഫ് സി ഗോവ ഗോൾ കീപ്പറിന്റെ പിഴവ് മുതലെടുത്താണ് രാഹുൽ ഗോൾ നേടിയത്.

ലീഗിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറ് പോയിന്റുമായി ബെംഗളൂരു ഒന്നാമത് നിൽക്കുകയാണ്‌