കേരള ബ്ലാസ്റ്റേഴ്സിന് സമനില, ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ് കിരീടം ബെംഗളൂരു എഫ് സിക്ക്

നിർണായക മത്സരത്തിൽ ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്താൻ ആകാത്തത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ഇന്ന് ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയോട് സമനില വഴങ്ങി. ഗോൾ രഹിത സമനിലയിലാണ് കളി അവസാനിച്ചത്. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് കിരീടം സ്വന്തമാക്കാമായിരുന്നു. 20220512 175453

ഇന്ന് ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് താരം മൊഹമ്മദ് ഐമന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. ഇതായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച അവസരം. ഈ സമനിലയോടെ ബെംഗളൂരു എഫ് സി 19 പോയിന്റുമായി ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്തു. 16 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമതും ഫിനിഷ് ചെയ്തു. ഇരു ടീമുകളും ഇംഗ്ലണ്ടിൽ വെച്ച നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടി.

ഇഞ്ച്വറി ടൈമിൽ റബീഹിന്റെ ഗോൾ, ഹൈദരബാദ് ജംഷദ്പൂരിനെ പരാജയപ്പെടുത്തി

മലയാളു യുവതാരം അബ്ദുൽ റബീഹിന്റെ ഗോളിൽ ഹൈദരബാദ് ജംഷദ്പൂരിനെ പരാജയപ്പെടുത്തി. ഇന്ന് ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിലെ അവസാന മത്സരത്തിൽ ജംഷദ്പൂരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദ് വിജയിച്ചത്. ഗോൾ രഹിതമായിരുന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ ആണ് റബീഹ് ഹൈദരബാദിനായി ഗോൾ നേടിയത്. ഒരു ഫ്രീകിക്കിൽ നിന്ന് ജംഷദ്പൂർ ഗോൾ കീപ്പർക്ക് പറ്റിയ പിഴവ് മുതലെടുത്താണ് റബീഹ് വിജയ ഗോൾ നേടിയത്. ഏഴ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഹൈദരബാദ് ലീഗിൽ മൂന്നാമത് ഫിനിഷ് ചെയ്തു. ജംഷദ്പൂർ ഏഴ് പോയിന്റുമായി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ്; വിജയത്തോടെ എഫ് സി ഗോവ സീസൺ അവസാനിപ്പിച്ചു

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ എഫ് സി ഗോവ വിജയത്തോടെ സീസൺ അവസാനിപ്പിച്ചു. ഇന്ന് റിലയൻസ് യങ് ചാമ്പ്സിനെ നേരിട്ട എഫ് സി ഗോവ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആയിരുന്നു രണ്ട് ഗോളുകളും ഗോവ നേടിയത്‌. 77ആം മിനുട്ടിൽ റയാൻ മെനസസ് ആണ് ഗോവയ്ക്ക് ലീഡ് നൽകിയത്. പിന്നാലെ 89ആം മിനുട്ടിൽ ജോവിയൽ ഡിയസും ഗോവക്ക് വേണ്ടി ഗോൾ നേടി. ഈ വിജയത്തോടെ 7 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഗോവ സീസൺ അവസാനിപ്പിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് 7 പോയിന്റ് മാത്രമെ യങ് ചാമ്പ്സിന് നേടാനായുള്ളൂ.

പ്രീമിയർ ലീഗ് നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്സ്‌!

ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്സ്‌. ഡെവലപ്മെന്റ് ലീഗിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാമ്പ്സിനെ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ്‌ ഈ നേട്ടം സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മുഹമ്മദ് ബാസിത്, നിഹാൽ സുധീഷ്, വിൻസി ബരേറ്റോ,ശ്രീക്കുട്ടൻ എന്നിവരാണ് ഗോളടിച്ചത്. ആറ് മത്സരങ്ങളിൽ നിന്നും 15 പോയന്റുമായാണ് കേരള ബ്ലാസ്റ്റേഴ്സ്‌ നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടിയത്. ലീഗ് ലീഡേഴ്സായ ബെംഗളൂരു എഫ്സി ആദ്യം തന്നെ യോഗ്യത നേടിയിരുന്നു.

കളിയുടെ 42ആം മിനുട്ടിൽ ബാസിതിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ്‌ ആദ്യ ഗോൾ നേടിയത്. ഗിവ്സണാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ നിഹാൽ സുധീഷിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. 76ആം മിനുട്ടിൽ വിൻസി ബരെറ്റോയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു നിഹാൽ. പകരക്കാരനായി ഇറങ്ങിയ ശ്രീക്കുട്ടൻ ഗോൾ കീപ്പറെ കാഴ്ച്ചക്കാരനാക്കി ബ്ലാസ്റ്റേഴ്സിന് 4-0ന്റെ ജയം സമ്മാനിച്ചു. മെയ് 12ന് കേരള ബ്ലാസ്റ്റേഴ്സ്‌ ബെംഗളൂരു എഫ്സിയെയാണ് ഇനി നേരിടുക.

കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പരാജയം

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പരാജയം. തുടർച്ചയായ നാല് വിജയങ്ങൾക്ക് ശേഷം ഇന്ന് എഫ് സി ഗോവയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം. നിഹാൽ ആണ് 30ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ലീഡ് നൽകിയത്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ നിഹാലിന്റെ മൂന്നാം ഗോളായി ഇത്.


ആദ്യ പകുതിയിൽ തന്നെ ജോവിയൽ ഡിയസ് എഫ് സി ഗോവക്ക് സമനില നൽകി. ജോവിയലും ബ്രിസണും രണ്ടാം പകുതിയുടെ അവസാനം ഗോൾ നേടിയതോടെ ഗോവ വിജയം ഉറപ്പിച്ചു. ഒരു വിജയം കൂടെ നേടിയിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടാമായിരുന്നു. ഈ പരാജയം കേരളത്തിന്റെ ഐ എസ് എൽ ഡെവലപ്മെന്റ് കിരീട പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ്‌.

മലയാളി താരങ്ങൾക്ക് ഗോൾ, ഹൈദരബാദിന് വൻ വിജയം

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ഇന്നും മലയാളികൾ തന്നെ താരങ്ങൾ. ഹൈദരാബാദ് എഫ് സി ഇന്ന് മുംബൈ സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ 2 ഗോളുകൾ അടിച്ചത് മലയാളി താരങ്ങൾ ആയിരുന്നു. ഹൈദരബാദിനായി നാലു മലയാളി താരങ്ങൾ ഇന്ന് കളത്തിൽ ഇറങ്ങി. റാഫി, റബീഹ്, ജോസഫ് സണ്ണി, അഭിജിത് എന്നിവർ ആണ് ഇന്ന് ഹൈദരാബാദ് റിസേർവ്സിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്.

13ആം മിനുട്ടിൽ ജോസഫ് സണ്ണി ഒരു ഹെഡറിലൂടെ ഹൈദരബാദിന് ലീഡ് നൽകി. 14ആം മിനുട്ടിൽ അഭിജിത് നേടിക്കൊടുത്ത പെനാൾട്ടി കൗസ്തവ് ലക്ഷ്യത്തിൽ എത്തിച്ചതോടെ ലീഡ് ഇരട്ടിയായി. 19ആം മിനുട്ടിൽ ഹൈദരാബാദ് മൂന്നാം ഗോൾ കണ്ടെത്തിയത് മലയാളി താരങ്ങളുടെ കൂട്ടുകെട്ടിലായുരുന്നു. ജോസഫിന്റെ ക്രോസ് അഭിജിത് ടാപിന്നിലൂടെ വലയിൽ എത്തിച്ചു.

88ആം മിനുട്ടിൽ ക്രെസ്പോയും അവസാന മിനുട്ടിൽ ബിഷ്ണുവുമാണ് ഹൈദരബാദിന്റെ മറ്റു ഗോളുകൾ നേടിയത്. ഈ വിജയത്തോടെ ഹൈദരബാദിന് അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റായി.

ബെംഗളൂരു എഫ് സിക്ക് അഞ്ചാം വിജയം, നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ബെംഗളൂരു എഫ് സിക്ക് തുടർച്ചയായ അഞ്ചാം വിജയം. ഇന്ന് ചെന്നൈയിനെ നേരിട്ട ബെംഗളൂരു എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ലാസ്റ്റ് ബോർണിന്റെ ഇരട്ട ഗോളുകൾ ആണ് ഇന്ന് ബെംഗളൂരു എഫ് സിക്ക് ബലമായത്. 15ആം മിനുട്ടിലും 69ആം മിനുട്ടിലും ആയിരുന്നു ലാസ്റ്റ്ബോർണിന്റെ ഗോളുകൾ. ഇത് കൂടാതെ ബെക്കി ഓറവും ബെംഗളൂരുവിനായി ഇന്ന് ഗോൾ നേടി.

ഈ വിജയത്തോടെ ലീഗിൽ ആദ്യ രണ്ട് സ്ഥാന‌ങ്ങളിൽ ഒന്ന് ബെംഗളൂരു എഫ് സി ഉറപ്പിച്ചു. ഇതോടെ ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിൽ ബെംഗളൂരു കളിക്കും എന്നും ഉറപ്പായി. നാളെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചാൽ കേരളവും നെക്സ്റ്റ് ജെൻ കപ്പ് യോഗ്യത ഉറപ്പിക്കും.

മലയാളി താരം റാഷിദിന്റെ ഗോളിൽ റിലയൻസ് യങ് ചാമ്പ്സിന്റെ വിജയം

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ റിലയൻസ് യങ് ചാമ്പ്സിന് വിജയം. ഇന്ന് ജംഷദ്പൂരിനെ നേരിട്ട റിലയൻസ് യങ് ചാമ്പ്സ് ഏക ഗോളിനാണ് വിജയിച്ചത്. മലയാളി യുവതാരം റാഷിദ് സി കെ ആണ് റിലയൻസിനായി വിജയ ഗോൾ നേടിയത്. 16ആം മിനുട്ടിൽ ആയിരുന്നു ഗോൾ. ഒരു ഡയറക്ട് ഫ്രീലിക്കിലൂടെ ആണ് റാഷിദ് സി കെ റിലയൻസിന് ലീഡ് നൽകിയത്‌. ഈ വിജയത്തോടെ റിലയൻസിന് 5 മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റായി. ജംഷദ്പൂരിനും ഏഴ് പോയിന്റാണ്.

ഗോളടി നിർത്താൻ ആകാതെ രാഹുൽ, ബെംഗളൂരു എഫ് സിക്ക് നാലാം വിജയവും

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ബെംഗളൂരു എഫ് സി റിസേർവ്സിന് നാലാം വിജയം. ഇന്ന് മുംബൈ സിറ്റി എഫ് സിയെ നേരിട്ട ബെംഗളൂരു എഫ് സി എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. മലയാളി താരം രാഹുൽ രാജു തുടർച്ചയായ നാലാം മത്സരത്തിലും ഗോളുമായി തിളങ്ങി. ഇന്ന് രാഹുൽ ഇരട്ട ഗോളുകളാണ് നേടിയത്. നാലു മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ രാഹുൽ നേടി കഴിഞ്ഞു.

മത്സരത്തിന്റെ 17ആം മിനുട്ടിലും 45ആം മിനുട്ടിലും ആയിരുന്നു രാഹുലിന്റെ ഗോളുകൾ. ലാസ്റ്റ്ബ്രൊൺ, ലാൽതങ്ലിയന, റോബിൻ എന്നിവരാണ് ബെംഗളൂരു എഫ് സിയുടെ മറ്റു ഗോളുകൾ നേടിയത്. ബെംഗളൂരു എഫ് സിക്ക് ഈ വിജയത്തോടെ 12 പോയിന്റായി. കേരള ബ്ലാസ്റ്റേഴ്സിനും 12 പോയിന്റാണുള്ളത്.

നിഹാലിന്റെ ഇരട്ട ഗോളുകൾ, കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം വിജയം, ഒന്നാം സ്ഥാനം

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ജൈത്ര യാത്ര തുടരുന്നു. ടീം അവരുടെ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി. ഇന്ന് ഗോവയിൽ വെച്ച് ജംഷദ്പൂർ എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് പാദങ്ങളിലായി നിഹാൽ സുധീഷ് നേടിയ രണ്ട് ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചത്.

ആദ്യ പകുതിയിൽ ഇടതു വിങ്ങിലൂടെ കയറി വന്ന വിൻസി ബരെറ്റോ നൽകിയ പാസിൽ നിനായിരുന്നു സുധീഷിന്റെ ഫിനിഷ്. രണ്ടാം പകുതിയിൽ വീണ്ടും ഗോളടിച്ച് നിഹാൽ ആഹ്ലാദിച്ചു. ഈ ഗോളു. വിൻസി നിഹാൽ കൂട്ടുകെട്ടിലായിരുന്നു പിറന്നത്. ഈ വിജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.

ഡെവലപ്മെന്റ് ലീഗിൽ റിലയൻസ് ചെന്നൈയിൻ മത്സരം സമനിലയിൽ

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ റിലയൻസ് യങ് ചാമ്പ്സും ചെന്നൈയിനും തമ്മിലുള്ള മത്സരം ഗോൾ രഹിതമായി അവസാനിച്ചു. രണ്ട് ടീമുകൾക്കും ഇന്ന് ഗോൾ ഒന്നും നേടാൻ ആയില്ല. ചെന്നൈയിൻ ആണ് ഇന്ന് കുറച്ച് എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിച്ചത്. എന്നാൽ അവർക്കും ഗോൾ നേടാൻ ആയില്ല. ചെന്നൈയിൻ നാലു മത്സരങ്ങൾ കഴിഞ്ഞിട്ടും ആദ്യ വിജയം കണ്ടെത്തിയിട്ടില്ല. അവർ 2 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുന്നു. നാല് പോയിന്റുള്ള റിലയൻസ് അഞ്ചാം സ്ഥാനത്ത് ആണ്.

മൂന്നാം മത്സരത്തിലും രാഹുൽ രാജു ഹീറോ, ബെംഗളൂരു എഫ് സിക്ക് മൂന്നാം വിജയവും

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ബെംഗളൂരു എഫ് സി റിസേർവ്സിന് മൂന്നാം വിജയം. ഇന്ന് ഹൈദരാബാദ് എഫ് സിയെ നേരിട്ട ബെംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. മലയാളി താരം രാഹുൽ രാജു തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോളുമായി തിളങ്ങി. ആദ്യ മത്സരത്തിൽ റിയലൻസ് യങ് ചാമ്പ്സിനെതിരെയും രണ്ടാം മത്സരത്തിൽ ഗോവക്ക് എതിരെയും ഗോൾ നേടാൻ രാഹുലിനായിരുന്നു.

മറ്റൊരു മലയാളി താരം ഷാരോൺ ഗോൾ വലയ്ക്ക് മുന്നിലായും ബെംഗളൂരുവിനായി ഇന്ന് ഇറങ്ങി‌‌. മത്സരത്തിന്റെ 15ആം മിനുട്ടിൽ ആയിരുന്നു രാഹുലിന്റെ ഗോൾ. പെനാൾട്ടി ബോക്സിൽ വെച്ച് പന്ത് സ്വീകരിച്ച് രണ്ടാം ടച്ചിൽ ഫിനിഷ് ചെയ്ത രാഹുൽ ഗോളിന് ശേഷം ക്രിസ്റ്റ്യാനോയുടെ സിയു സെലിബ്രേഷനും നടത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അമൃത്പാലിലൂടെ ഹൈദരാബാദ് സമനില കണ്ടെത്തി. പിന്നീടാണ് ഇഞ്ച്വറി ടൈമിലാണ് വിജയ ഗോൾ വന്നത്. മൊനിറുൽ മൊല്ലയാണ് വിജയ ഗോൾ നേടിയത്. ബെംഗളൂരു എഫ് സിക്ക് ഈ വിജയത്തോടെ 9 പോയിന്റായി.

Exit mobile version