ഗോൾ മഴക്കൊടുവിൽ ഡെൽഹി ഡൈനാമോസിന് ജയം

- Advertisement -

ചെന്നൈ- ഗോവ മത്സരത്തിന്റെ തനിയാവർത്തനം കണ്ട മത്സരത്തിൽ ഡെൽഹിക്ക് ജയം. ഒരു ഘട്ടത്തിൽ മൂന്നു ഗോളുകൾക്ക് മുന്നിട്ടു നിന്ന ഡെൽഹി പൂനെയുടെ തിരിച്ചുവരവിനെതിരെ കഷ്ടപ്പെട്ട് പിടിച്ചു നിന്ന് അവസാനം 3-2 എന്ന സ്കോറിന് ജയിക്കുകയായിരുന്നു.

മാർസലീനോയും അൽഫാരോയും അടക്കമുള്ള വമ്പൻ താരങ്ങളെ അണിനിരത്തിയിട്ടും പൂനെയ്ക്ക് സ്വന്തം തട്ടകത്തിൽ നിരാശ മാത്രമെ തുടക്കത്തിൽ ലഭിച്ചുള്ളൂ. കളിയിലെ അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ഇന്ത്യൻ വിംഗർ ചാങ്തെയുടെ മികവാണ് വിരസമായി മുന്നേറിയിരുന്ന കളിയുടെ ഗതി തന്നെ മാറ്റിയത്. 46ആം മിനുട്ടിൽ ലെഫ്റ്റ് വിങ്ങിൽ നിന്ന് വന്ന ഡെൽഹിയുടെ ചാങതെയുടെ ക്രോസിൽ നിന്ന് ആണ് ആദ്യ ഗോൾ പിറന്നത്. പൗളീനോ ആയിരുന്നു ഗോൾ നേടിയത്.

54ആം മിനുട്ടിൽ പൂനെ ഡിഫൻസിന് പറ്റിയ പിഴവ് മുതലെടുത്ത് ഒറ്റയ്ക്ക് കുതിച്ച ചാങ്തയെ പിടിച്ചു നിർത്താൻ പൂനെ ഡിഫൻസിനോ ഗോൾകീപ്പർക്കോ ആയില്ല. 66ആം മിനുട്ടിൽ മിറാബാഹെ നേടിയ തകർപ്പൻ ഗോൾ കൂടെ ആയപ്പോൾ പൂനെ കളി പൂർണ്ണമായു കൈവിട്ടു എന്നു തോന്നി. എന്നാൽ 68ആം മിനുട്ടിൽ അൽഫാരോ ഒരു ഗോൾ പൂനെയ്ക്കായി മടക്കി. പിന്നീട് കീൻ ലൂയിസിനെ അടക്കം ഇറക്കിയിട്ടും ഒരു ഗോൾ കണ്ടെത്താൻ ഇഞ്ച്വറി ടൈം ആകേണ്ടി വന്നു പൂനെയ്ക്ക്. അവസാന നിമിഷത്തിൽ തെബാറാണ് പൂനെയുടെ രണ്ടാം ഗോൾ നേടിയത്. സമനില ഗോൾ കണ്ടെത്താനുള്ള സമയം പിന്നെ ഇല്ലായിരുന്നു.

ഒരു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞ ചാങ്തെ ആണ് ഹീറോ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement