സെമി ഫൈനൽ സാധ്യത ശക്തമാക്കാൻ ഡൽഹി ഇന്ന് ഗോവക്കെതിരെ

- Advertisement -

ഇന്ന് ഗോവക്കെതിരെ വിജയം നേടാനായാൽ അത് ഏതാണ്ട് ഡൽഹിക്ക് സെമി ഫൈനൽ ബെർത്ത് നൽകും. അതിനാൽ തന്നെ അത് മനസ്സിൽ വച്ച് കൊണ്ടാവും അവരിന്ന് പന്ത് തട്ടാനിറങ്ങുക. കഴിഞ്ഞ മത്സരത്തിൽ പൂനെയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ഡൽഹി ഇപ്പോൾ 11 കളികളിൽ നിന്ന് 17 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണ്. നാട്ടിലെ മികച്ച ഫോമാണ് ഡൽഹിയുടെ വലിയ കരുത്ത്,ഈ സീസണിൽ ഇത് വരെ നാട്ടിൽ പരാജയമറിയാത്ത അവർ അവസാന ഹോം മത്സരവും നാട്ടിൽ ജയിക്കാനാവും ശ്രമിക്കുക.

ഗോൾ പോസ്റ്റ് പരിചയസമ്പന്നനായ ടെബ്ലാസിൻ്റെ കയ്യിൽ ഭദ്രമാണ്. പ്രതിരോധത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന റൂബനിലും മലയാളി താരം അനസിലും പ്രതിരോധം ഭദ്രമാണ്. സൂപ്പർ ലീഗിലെ തന്നെ ഏറ്റവും അനുഗ്രഹീതമായ മധ്യനിരയാണ് ഡൽഹി മുന്നേറ്റങ്ങളുടെ പ്രധാന രഹസ്യം. മിലാൻ സിങും മെമോയും മാർക്വീ താരം മെലൂദയും അടങ്ങുന്ന മധ്യനിരയിൽ ബ്രസീൽ താരം ബ്രൂണോ പെലിസാരിയും ഉണ്ട്. ഒപ്പം വിങുകളിൽ ഏറ്റവും അപകടകാരികളായ മാർസലീനോയും ക്വീൻ ലൂയിസും ഇവർകൊപ്പം ചേരുന്നു. മുന്നേറ്റത്തിൽ റിച്ചാർഡ്‌ ഗാഡ്സെ തന്നെ ടീം വിശ്വാസത്തിലെടുക്കാനാണ് സാധ്യത.

മറുവശത്ത് ലീഗിലെ അവസാന സ്ഥാനക്കാരായ ഗോവ സെമി ഫൈനൽ കാണാതെ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. കൊൽക്കത്തക്കെതിരെ അവസാന നിമിഷം വഴങ്ങിയ പരാജയം അവർക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. 12 കളികളിൽ വെറും 11 പോയിൻ്റ് മാത്രമുള്ള അവർക്ക് വിജയം മാത്രമെ സെമി ഫൈനലിലെത്താൻ നേർത്ത പ്രതീക്ഷ നൽകുന്നുള്ളു. എങ്കിലും ഇനി ഗോവ സെമിയിലെത്താൻ വല്ല അത്ഭുതവും സംഭവിക്കേണ്ടതായി വരും. എങ്കിലും പൊരുതാനുറച്ചാവും സീക്കോയുടെ ടീം ഇറങ്ങുക.

ലക്ഷിമികാന്ത്‌ കട്ടിമണി തന്നെയാവും ഗോൾ വല കാക്കുക. മാർക്വീ താരം ലൂസിയാനോ ക്യാപ്റ്റൻ ഗ്രിഗറി അർനോളിൻ എന്നിവർകൊപ്പം സാഹിൽ ടവോറയാവും പ്രതിരോധത്തിൽ ഇറങ്ങുക. റിച്ചാർയ്സൺ, മാത്യൂസ്, ജോഫ്ര, റോമിയോ ഫെർണാണ്ടസ് എന്നിവരാവും മധ്യനിരയിൽ. ജോഫ്രയുടേതും റോമിയോയുടേതും പ്രകടനങ്ങൾ നിർണായകമാവും. മുന്നേറ്റത്തിൽ റോബിൻ സിങിന് അവസരം ലഭിച്ചാൽ ജൂലിയോ സീസറാവും റോബിനൊപ്പം ഇറങ്ങുക.

കഴിഞ്ഞ സീസണിലെ സെമി ഫൈനലിൽ ഗോവ ഡൽഹിയെ മറികടന്നിരുന്നു. ഇതിനൊരു പ്രതികാരത്തിനാവും ഡൽഹി ശ്രമിക്കുക. സീസണിൽ മുമ്പ് ഏറ്റ് മുട്ടിയപ്പോയും വിജയം ഡൽഹികൊപ്പമായിരുന്നു. ഡൽഹിയുടെ പ്രകടനം മറ്റ് ടീമുകൾക്കും നിർണായകമാണ്. വൈകിട്ട് 7 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാവുന്നതാണ്.

Advertisement