സൗഹൃദമത്സരങ്ങൾക്കായി ഡൽഹി ഡൈനാമോസ് സ്പെയിനിലേക്ക്, പരിശീലനം ഖത്തറിൽ

പ്രീസീസൺ ടൂറിനായി ഡൽഹി ഡൈനാമോസ് സ്പെയിനിലേക്ക് പുറപ്പെട്ടു. അടുത്ത ഐഎസ്എല്ലിനു വേണ്ടി തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഇന്നലെ സ്പെയിനിലേക്ക് തിരിച്ച ടീം 42 ദിവസം കഴിഞ്ഞു ഒക്ടോബർ അവസാനത്തോടെ തിരിച്ചെത്തും. സ്പാനിഷ് ലീഗ് രണ്ടും മൂന്നും ഡിവിഷൻ ടീമുകളുമായി ഡെൽഹി സൗഹൃദ മത്സരങ്ങൾ കളിക്കും. മത്സരങ്ങൾക്കായി ഇന്ത്യൻ താരങ്ങളാണ് ഇന്നലെ പുറപ്പെട്ടത്. വിദേശതാരങ്ങൾ സ്പെയിനിൽ നേരിട്ട് എത്തിച്ചേരും.

സൗഹൃദ മത്സരങ്ങൾക്ക് ശേഷം പരിശീലനത്തിനായി ഡൈനാമോസ് ഖത്തറിലേക്ക് പറക്കും. ഖത്തറിലെ ആസ്പെയർ അക്കാദമിയുമായി ഡൽഹി ഡൈനാമോസ് രണ്ട് മാസങ്ങൾക്ക് മുൻപ് കരാറിൽ എത്തിയിരുന്നു. ലോകത്തെ മികച്ച പരിശീലനകേന്ദ്രങ്ങളിലൊന്നാണ് ദോഹയിലെ ആസ്പെയർ അക്കാദമി. കഴിഞ്ഞ ഐഎസ്എല്ലിൽ ടോപ് ഫോറിൽ ഉൾപ്പെട്ടിരുന്ന ഡൈനാമോസ് ഇത്തവണ പരിശീലന മികവിൽ സൂപ്പർ ലീഗിൽ കിരീടത്തോട് അടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial