സെമി സാധ്യതകളുടെ സമ്മർദ്ദമില്ലാതെ ഡൽഹി ഡൈനാമോസും എ ടി കെയും നേർക്കുനേർ

- Advertisement -

സെമി സാധ്യതകളുടെ സമ്മർദ്ദമില്ലാതെ ഡൽഹി ഡൈനാമോസും എ ടി കെയും ഇന്ന് ഏറ്റുമുട്ടും.  ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഇരു ടീമുകളുടെയും സെമി പ്രതീക്ഷ അവസാനിച്ചതോടെ അഭിമാനത്തോടെ സീസൺ അവസാനിപ്പിക്കാനാവും ഇരു ടീമുകളുടെയും ശ്രമം. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും  ഇരു ടീമുകൾക്കും സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത ലഭിക്കില്ല.

കഴിഞ്ഞ മത്സരത്തിൽ ഗോവയെ സമനിലയിൽ പിടിച്ചു കെട്ടിയാണ് ഡൽഹി ഇന്നിറങ്ങുന്നത്. കഴിഞ്ഞ മൂന്ന് മത്സരത്തിൽ പരാജയമറിയാത്ത ഡൽഹി ഗോവയിൽ നേടിയ സമനില കൊണ്ട് ലീഗിലെ അവസാന സ്ഥാനത്ത് നിന്ന് കരകയറിയിരുന്നു. മത്സരത്തിൽ കാലു ഉച്ചേ അവസാന മിനിറ്റുകളിൽ നേടിയ ഗോളിലാണ് ഡൽഹി ഗോവക്കെതിരെ സമനില പിടിച്ചത്.

കഴിഞ്ഞ ആറ് കളികളിൽ ഒന്നിൽ പോലും വിജയം കണ്ടെത്താനാവാതെയാണ് എ ടി കെ ഡൽഹിയെ നേരിടാനിറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിനോട് നേടിയ ഏക സമനില മാത്രമാണ് ഇത്രയും മത്സരങ്ങളിൽ നിന്ന് അവരുടെ സമ്പാദ്യം. കോച്ചിനെ മാറ്റിയിട്ടും പ്രകടനത്തിൽ മാറ്റം വരുത്താൻ എ ടി കെക്ക് ആയിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ മുംബൈ സിറ്റിയോടാണ് എ ടി കെ പരാജയപ്പെട്ടത്. പരിക്ക് മാറി ഇന്നത്തെ മത്സരത്തിന് സൂപ്പർ താരം റോബി കീൻ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ കൊൽക്കത്തയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ റോബി കീൻ നേടിയ ഗോളിൽ കൊൽക്കത്ത ജയം സ്വന്തമാക്കിയിരുന്നു. 15 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി എ ടി കെ എട്ടാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ നിന്ന് തന്നെ 12 പോയിന്റുമായി ഡൽഹി ഒൻപതാം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement